കണ്ണൂര്‍: യാത്രക്കാര്‍ക്കൊപ്പം റെയില്‍വേ ഉദ്യോഗസ്ഥര്‍വരെ സമരംനടത്തിയ കണ്ണൂരിലെ റെയില്‍പ്പാള മാലിന്യപ്രശ്നത്തിന് പരിഹാരമായി. കേരളത്തിലെ മുഴുവന്‍ തീവണ്ടികളിലും ബയോടോയ്‌ലെറ്റ് ഘടിപ്പിച്ചതോടെ രക്ഷപ്പെട്ടത് കണ്ണൂര്‍ സ്റ്റേഷനാണ്. മുംബൈ, ചെന്നൈ വണ്ടികളില്‍ ചിലതുമാത്രമാണ് ഇപ്പോള്‍ പരമ്ബരാഗത ശൗചാലയവുമായി ഓടുന്നത്. ബയോടോയ്‌ലെറ്റിലെ ആറ്‌ ചേംബറില്‍ മലവിസര്‍ജനം ശേഖരിക്കുന്നതിനാല്‍ പാളത്തിലേക്ക് വീഴില്ല. നിര്‍ത്തിയിട്ട വണ്ടികളില്‍നിന്നുള്‍പ്പെടെ പ്ലാറ്റ്‌ഫോമിലെ റെയില്‍പ്പാളത്തെ മലത്തില്‍ മുക്കിയ പഴയരീതിയാണ് ഇല്ലാതായത്.
റെയില്‍വേ സ്റ്റേഷന്‍ പാളത്തിലെ മാലിന്യപ്രശ്നത്തിന് പരിഹാരമായി യാര്‍ഡ് കോണ്‍ക്രീറ്റ് (ഏപ്രണ്‍) ചെയ്യണമെന്ന ആവശ്യം ഇതോടെ ഇല്ലാതായി. മുമ്ബ് പാളത്തിലേക്ക് തള്ളുന്ന വിസര്‍ജരീതിയാണ് ഇപ്പോള്‍ പൂര്‍ണമായും മാറിയത്. മനുഷ്യമാലിന്യം വിഘടിപ്പിച്ച്‌ മീഥൈനും ജലവുമാക്കിമാറ്റുന്ന പ്രക്രിയയാണ് തീവണ്ടികളിലെ ബയോടോയ്‌ലറ്റുകളിലേത്.

പാലക്കാട് ഡിവിഷനിലെ എ-വണ്‍ സ്റ്റേഷനായ കണ്ണൂരില്‍ യാര്‍ഡ് ഏപ്രണ്‍ ചെയ്യാത്തതിനാല്‍ വണ്ടി വന്നുനിന്നാല്‍ പാളംമുഴുവന്‍ മലംനിറഞ്ഞിരുന്നു. പുലര്‍ച്ചെയെത്തുന്ന ദീര്‍ഘദൂരവണ്ടികള്‍ ഇവിടെ നിര്‍ത്തിയിടുന്നത് കൂടുതല്‍ ദുര്‍ഗന്ധത്തിന് ഇടയാക്കിയിരുന്നു. കോഴിക്കോട്, മംഗളൂരു സ്റ്റേഷനുകളിലെല്ലാം യാര്‍ഡ് കോണ്‍ക്രീറ്റുചെയ്ത് മാലിന്യം വെള്ളമടിച്ച്‌ കഴുകിക്കളയുന്നുണ്ട്. എന്നാല്‍, കണ്ണൂരില്‍ ഇവ പാളത്തില്‍ കുമിഞ്ഞുകൂടും. കുമ്മായമിടല്‍മാത്രമായിരുന്നു ആകെ ചെയ്യുന്ന പ്രവൃത്തി. പ്രധാന സ്റ്റേഷനായ കണ്ണൂരില്‍ ഇത്രയേറെ അനാരോഗ്യകരമായ അന്തരീക്ഷമുണ്ടായിട്ടും റെയില്‍വേ നടപടിയെടുക്കാത്തതില്‍ പലതവണ പ്രതിഷേധസമരങ്ങള്‍ നടന്നിരുന്നു. അതാണ് ഇപ്പോള്‍ മാറിയത്.