മോഡേൺ അഗ്രോ സർവീസ് സെന്ററിന്റെ പ്രവർത്തനം നിലച്ചു

കൂത്തുപറമ്പ്:ചെറുവാഞ്ചേരിയിലെ മോഡേൺ അഗ്രോ സർവീസ് സെന്ററിന്റെ പ്രവർത്തനം നിലച്ചു. കൂത്തുപറമ്പിലെ മണ്ണുപരിശോധനാ ലാബ് അടച്ചുപൂട്ടിയതിന് പിന്നാലെയാണ് മാതൃസ്ഥാപനത്തിനും താഴ് വീണത്. അധികൃതരുടെ അനാസ്ഥയെത്തുടർന്ന് സെൻററിലെ ലക്ഷക്കണക്കിന് രൂപയുടെ കാർഷികയന്ത്രങ്ങളാണ് തുരുമ്പെടുത്ത് നശിക്കുന്നത്.
കാർഷിക മേഖലയ്ക്കാവശ്യമായ നവീന യന്ത്രങ്ങളുമായാണ് അഞ്ച് വർഷം മുൻപ് മോഡേൺ അഗ്രോ സർവീസ് സെന്റർ ചെറുവാഞ്ചേരിയിൽ പ്രവർത്തനം ആരംഭിച്ചത്. വിത്ത് വിതയ്ക്കുന്നത് മുതൽ കൊയ്ത്തിനും മെതിക്കും വരെ ആവശ്യമായ യന്ത്രങ്ങൾ സെന്ററിൽ ലഭ്യമായിരുന്നു. നടീൽയന്ത്രത്തിനും ടില്ലറിനും കൊയ്ത്ത് യന്ത്രത്തിനുമെല്ലാം വയനാട്ടിൽനിന്നുവരെ ആവശ്യക്കാർ എത്തിയിരുന്നു. എന്നാൽ കാർഷിക മേഖലയ്ക്ക് കരുത്താകേണ്ട സ്ഥാപനം ഏതാനും വർഷം കൊണ്ടുതന്നെ അടച്ചുപൂട്ടുന്ന സ്ഥിതിയാണുണ്ടായത്.
ആഗ്രോ സർവീസ് സെന്ററിന്റെ കീഴിലുണ്ടായിരുന്ന 40 ലക്ഷത്തോളം രൂപയുടെ ഉപകരണങ്ങളാണിപ്പോൾ തുരുമ്പെടുത്ത് നശിക്കുന്നത്. രണ്ട് ട്രാക്ടറുകൾ, രണ്ട് ടില്ലറുകൾ, നടീൽയന്ത്രം, കൊയ്ത്ത് യന്ത്രം, മിനി ട്രാക്ടർ, ഗാർഡൻ ടില്ലർ, ബ്രഷ് കട്ടർ, ബെൽഡിങ് മെഷീൻ എന്നിവയെല്ലാം നശിക്കുകയാണ്. സ്ഥാപനത്തിന്റെ കൈവശമുണ്ടായിരുന്ന പിക്കപ്പ് വാൻ, കൊപ്ര ഡ്രയർ, ജനറേറ്റർ, തെങ്ങ് കയറ്റ യന്ത്രങ്ങൾ എന്നിവയെ സംബന്ധിച്ചും കൃത്യമായ വിവരമില്ല.
ചെറുവാഞ്ചേരി കർഷക-കർഷകത്തൊഴിലാളി ക്ഷേമസഹകരണസംഘത്തിനാണ് ആദ്യഘട്ടത്തിൽ സെന്ററിന്റെ നടത്തിപ്പുചുമതല നൽകിയിരുന്നത്. എന്നാൽ പിന്നീട് ഭരണമാറ്റത്തെത്തുടർന്ന് സഹകരണ സംഘത്തെ ഒഴിവാക്കി സെന്ററിന്റെ പ്രവർത്തനം കൃഷിവകുപ്പ് അസി. ഡയറക്ടർ ഏറ്റെടുക്കുകയായിരുന്നു. കെട്ടിടത്തിന്റെ വാടകയോ ജീവനക്കാരായ ഫുഡ് സെക്യൂരിറ്റി ആർമി അംഗങ്ങളുടെ ശമ്പളമോ പോലും കൃത്യമായി നൽകാൻ സാധിക്കാതെ അഗ്രോ സർവീസ് സെന്ററിന്റെയും അനുബന്ധമായി പ്രവർത്തിക്കുന്ന കൂത്തുപറമ്പിലെ മണ്ണുപരിശോധനാ ലാബിന്റെയും പ്രവർത്തനം അവതാളത്തിലാവുകയായിരുന്നു.