ആതുരസേവന കേന്ദ്രങ്ങൾ മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വരെ വിജയകരവും ലാഭകരവുമായി നടത്തി കേരളത്തിലെ ദൈനംദിന ജീവിതത്തിലെ പ്രയാസങ്ങൾ പരിഹരിച്ച് കേരളത്തിന്റെ വികസനത്തിന് ചുക്കാൻ പിടിച്ച സഹകരണ മേഖലയെ സി പി എമ്മിന്റെ കറവപ്പശുവാക്കിമാറ്റി തകർക്കാനാണ് ഇടതുപക്ഷസർക്കാറിന്റെ ശ്രമമെന്ന് സതീശൻ പാച്ചേനി അഭിപ്രായപ്പെട്ടു. സഹകരണമേഖലയിലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള കോ: ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് കണ്ണൂർ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച സഹകരണ ജോയിന്റ് രജിസ്ട്രാർ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള ബാങ്ക് രൂപീകരണത്തിനെതിരെ നിരവധി കേസുകൾ നിലനിൽക്കവേ ധൃതിപ്പെട്ട് ഭരണാധികാരം ഉപയോഗിച്ച് കേരള ബാങ്ക് രൂപീകരിക്കാനുള്ള ശ്രമം ലാഭകരമായി പ്രവർത്തിക്കുന്ന ജില്ലാ സഹകരണ ബേങ്കുകളെയും പ്രാഥമിക സഹകരണസംഘങ്ങളെയും ദോഷകരമായി ബാധിക്കുമെന്നും ഉമ്മൻചാണ്ടി സർക്കാർ സഹകരണ മേഖലയിലെ ജീവനക്കാർക്ക് അനുവദിച്ച ആനുകൂല്യങ്ങൾ ഇടത് സർക്കാർ നിഷേധിക്കുകയാണെന്നും പാച്ചേനി പറഞ്ഞു.
ക്രമരഹിതമായി ജില്ലാ ബേങ്കിൽ പിൻവാതിൽ നിയമനം നടത്താനുള്ള തീരുമാനം അർഹരായ ഉദ്യോഗാർത്ഥികളോട് കാണിക്കുന്ന നീതി നിഷേധമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ലക്ഷ്മണൻ തുണ്ടിക്കോത്ത് അധ്യക്ഷത വഹിച്ചു. നേതാക്കളായ മുണ്ടേരി ഗംഗാധരൻ, അഡ്വ: ജയ്സൺ തോമസ്സ്, എം രാജു, പി.കെ.രാജീവൻ, കെ.രാധ, കൂക്കിരി രാജേഷ്, കെ.സി രാജീവൻ, പി ഡി മാത്യു, പി.പി ഗണേശൻ, പി.വി സുരേഷ് ബാബു, എ.പ്രമീള, നിസാർ കെ.എ. തങ്കച്ചൻ, ടി കെ ശശികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.ജില്ലാ ബേങ്ക് പരിസരത്ത് നിന്നും ആരംഭിച്ച  മാർച്ച് സഹകരണ ജോയിന്റ് രജിസ്ട്രാർ ഓഫീസിനു മുന്നിൽ പോലീസ് തടഞ്ഞു.