പെരുമ്പാവൂർ: ആനക്കൊമ്പ് കൈവശം വെച്ച കേസിൽ നടൻ മോഹൻലാൽ അടക്കം നാല് പേർക്കെതിരെ സമൻസ് അയക്കാൻ പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.
ഡിസംബർ ആറിന് നേരിട്ടു ഹാജരാകണമെന്നാണ് നിർദേശം. തൃശൂർ ഒല്ലൂർ സ്വദേശി പി.എൻ. കൃഷ്ണകുമാർ, തൃപ്പൂണിത്തുറ എരൂർ സ്വദേശി കെ. കൃഷ്ണകുമാർ, ചെന്നൈ പെനിൻസുല ഹൈറോഡിൽ താമസിക്കുന്ന നളിനി രാധാകൃഷ്ണൻ എന്നിവർക്കാണ് മോഹൻലാലിനെ കൂടാതെ ഹാജരാകാൻ നിർദേശം നൽകിയിരിക്കുന്നത്.
1972 ലെ വന്യജീവി സംരക്ഷണ നിയമം ലംഘിച്ച്, ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി കൂടാതെ ആനക്കൊമ്പുകൾ കൈവശം വയ്ക്കുകയും കൈമാറ്റം നടത്തുകയും അവ വാങ്ങി സൂക്ഷിക്കുകയും സർക്കാരിനെ അറിയിക്കാതിരിക്കുകയും ചെയ്തുവെന്നാണ് ഇവർക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.
ക്രിമിനൽ കേസ് ആയതുകൊണ്ട് ഇവർ നേരിട്ടു ഹാജരായി ജാമ്യം എടുക്കേണ്ടതുണ്ട്. ജാമ്യമെടുത്തശേഷം കുറ്റപത്രം വായിച്ചുകേൾപ്പിക്കാൻ വീണ്ടും വിളിപ്പിക്കും. പിന്നീടാണ് വിചാരണയുടെ തീയതി നിശ്ചയിക്കുക.

0 Comments