പാലായിൽ നടന്ന സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽവീണ് പരിക്കേറ്റ വിദ്യാർഥി മരിച്ചു. പാലാ സെയ്ന്റ് തോമസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി അഫീൽ ജോൺസനാണ് (17) മരിച്ചത്. മൂന്നാഴ്ച്ചയോളം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു അഫീൽ.

പാലാ സിന്തറ്റിക് ട്രാക്കിൽ നടന്ന മത്സരത്തിനിടെയാണ് വൊളണ്ടിയറായ അഫീലിന് ഹാമർ തലയിൽ വീണ് പരിക്കേറ്റത്. ജാവലിൻ മത്സരത്തിൽ സഹായിയായി നിൽക്കുകയായിരുന്നു അഫീൽ.
ജാവലിൻ കോർട്ടിന് സമാന്തരമായിത്തന്നെ ഈ സമയം ഹാമർത്രോ മത്സരവും നടന്നിരുന്നു. ജാവലിൻ ഒരു മത്സരാർഥി എറിഞ്ഞുകഴിഞ്ഞയുടനെ അകലെ നിൽക്കുകയായിരുന്ന അഫീൽ ജാവലിനുകൾ എടുത്തുമാറ്റുന്നതിനായി മൈതാനത്തേക്ക് ഓടിവന്നു. ഹാമർ കോർട്ട് മുറിച്ചാണ് അഫീൽ വന്നത്. ഈ സമയം ഹാമർ ഒരു മത്സരാർഥി എറിഞ്ഞുകഴിഞ്ഞിരുന്നു. ഇതാണ് കുട്ടിയുടെ തലയിൽവീണത്.
സംഭവത്തിൽ സംഘാടകർക്കെതിരേ പോലീസ് കേസെടുത്തിരുന്നു. മീറ്റ് അശ്രദ്ധമായി കൈകാര്യം ചെയ്തതിനാണ് സംസ്ഥാന അത്ലറ്റിക് അസോസിയേഷൻ ഭാരവാഹികൾക്കെതിരേ പോലീസ് കേസെടുത്തത്. അപകടത്തെ തുടർന്ന് അത്ലറ്റിക് ചാമ്പ്യൻഷിപ്പിലെ മത്സരങ്ങളും മാറ്റിവെച്ചിരുന്നു.