കർഷകർ അഭിമുഖീകരിക്കുന്ന നിരവധിയായ പ്രശ്നങ്ങളിൽ പരിഹാരം കാണാനോ ഇടപെടാനോ തയ്യാറാകാത്ത സർക്കാർ നയത്തിനെതിരെ പ്രക്ഷോഭരംഗത്തേക്കിറങ്ങാൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃയോഗം തീരുമാനിച്ചു.
മലയോര മേഖലയിൽ വന്യമൃഗങ്ങളുടെ ശല്യം മൂലവും കാർഷികോൽപ്പന്നങ്ങളുടെ വിലത്തകർച്ചയും ഉൾപ്പെടെ ഒട്ടനവധി പ്രയാസങ്ങളിൽപ്പെട്ട് കർഷക ജനത ഉഴലുമ്പോൾ സർക്കാർ പുറം തിരിഞ്ഞ് നില്ക്കുന്ന അവസ്ഥയാണെന്നും കർഷകരെ ശ്രദ്ധിക്കാൻ സർക്കാർ തയ്യാറാകുന്നതിന് വേണ്ടിയാണ് പ്രക്ഷോഭരംഗത്തേക്കിറങ്ങുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി പറഞ്ഞു.
ദേശീയപാത വിഭാഗത്തിന്റെ മേൽനോട്ടത്തിൽ വർഷങ്ങളായി നടപ്പിലാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന കണ്ണൂർ ബൈപ്പാസിനുവേണ്ടിയുള്ള സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഗുരുതരമായ പ്രതിസന്ധിയും ബുദ്ധിമുട്ടും ഉടലെടുത്തിരിക്കുകയാണ്.
വികസനത്തിന്റെ പേരിൽ സ്ഥലം വിട്ടുകൊടുക്കാൻ തയ്യാറായ നൂറുകണക്കിന് ജനങ്ങൾ മാനസികമായി പീഡിപ്പിക്കപ്പെടുന്ന സാഹചര്യം നിലനിൽക്കുന്നതും, വികസനത്തിന് വേണ്ടി സ്ഥലം നല്കിയ ഭൂരിപക്ഷം പേർക്കും നഷ്ടപരിഹാര തുകയൊന്നും ലഭിക്കാത്ത സാഹചര്യം നിലനില്ക്കുന്നതിനാലും, താമസിക്കുന്ന വീടും സ്ഥലവും വിട്ടുകൊടുക്കാൻ തയ്യാറായവർ നേരിടുന്ന പ്രശ്നങ്ങളിൽ സർക്കാറിന്റെ നിസംഗതക്കെതിരെ ജനങ്ങൾക്ക് നഷ്ടപരിഹാരത്തുക ലഭ്യമാക്കുന്നതിന് വേണ്ടി സമരരംഗത്തേക്കിറങ്ങാൻ നേതൃയോഗം തീരുമാനിച്ചു.
മഹാത്മജിയുടെ നൂറ്റമ്പതാം ജന്മവാർഷികാചരണത്തിന്റെ ജില്ലയിലെ ആഘോഷ പരിപാടികളുടെ സമാപനമായും
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തോടനുബന്ധിച്ചുള്ള അനുസ്മരണ പരിപാടിയുടെ ഭാഗമായും ഒക്ടോബർ 30 ന് കണ്ണൂർ സ്റ്റേഡിയം കോർണ്ണറിൽ സെമിനാർ സംഘടിപ്പിക്കും
സ്വാതന്ത്രസമര സേനാനികളായ അബ്ദുൽ കലാം ആസാദിന്റെയും, മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെയും അനുസ്മരണ ദിനങ്ങൾ സമുചിതമായി ആചരിക്കുന്നതിനും ഡി.സി.സി നേതൃയോഗം തീരുമാനിച്ചു.
യോഗത്തിൽ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി അധ്യക്ഷത വഹിച്ചു.
മേയർ സുമാ ബാലകൃഷ്ണൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ പ്രൊഫ.എ.ഡി.മുസ്തഫ, എം.നാരായണൻകുട്ടി, മാർട്ടിൻ ജോർജ്ജ്, അഡ്വ.സോണി സെബാസ്റ്റ്യൻ, എം.പി.ഉണ്ണികൃഷ്ണൻ, ചന്ദ്രൻ തില്ലങ്കേരി, ചാക്കോ പാലക്കിലോടി, എം.പി.മുരളി, തോമസ്സ് വെക്കത്താനം, വി.സുരേന്ദ്രൻ മാസ്റ്റർ, വി.രാധാകൃഷ്ണൻ മാസ്റ്റർ, പി.ടി.മാത്യു, കെ.പി.പ്രഭാകരൻ മാസ്റ്റർ, വി.വി.പുരുഷോത്തമൻ, പി.സി.ഷാജി, രജനി രമാനന്ദ്, കെ.സി മുഹമ്മദ് ഫൈസൽ, സന്തോഷ് കണ്ണംമ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.

0 Comments