കെ. എം ബഷീറിന്റെ മരണം: അന്വേഷണം വൈകുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി കോടതി



തിരുവനന്തപുരം: സിറാജ് ബ്യൂറോ ചീഫ് കെ.എം ബഷീര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ചിരുന്ന കാറിടിച്ച്‌ കൊല്ലപ്പെട്ട കേസില്‍ അന്വേഷണം വൈകുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി കോടതി. അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടു പോകാനാകില്ലെന്നും അന്തിമ റിപ്പോര്‍ട്ട് ഡിസംബര്‍ 15 നകം സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതിയുടേതാണ് ഉത്തരവ്.

അന്വേഷണം പുരോഗമിക്കുന്നതിനാല്‍ കൂടുതല്‍ സമയം വേണമെന്ന പ്രത്യേക അന്വേഷണസംഘത്തിന്‍െറ ആവശ്യം കോടതി തള്ളി. നവംബര്‍ 15ന് കേസ് വീണ്ടും പരിഗണിക്കും. അന്നോ അതിനുമുമ്ബോ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉത്തരവ്.
ശ്രീറാമിന്റെ രക്ത പരിശോധന നടത്താതെ തെളിവു നശിപ്പിച്ചതിനും എഫ്.ഐ.ആര്‍ വൈകിപ്പിച്ചതിനും മ്യൂസിയം സ്റ്റേഷനിലെ ക്രൈം എസ്.ഐ ജയപ്രകാശിനെ കൂട്ടുപ്രതിയാക്കണമെന്ന സിറാജ് മാനേജ്മെന്റിന്റെ ഹര്‍ജിയില്‍ പ്രത്യേക അന്വേഷണ സംഘത്തോട് വിശദീകരണം നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച്‌ സര്‍ക്കാര്‍ അഭിഭാഷകന്‍ വഴി നല്‍കിയ വിശദീകരണത്തിലാണ് ശാസ്ത്രീയ അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ സമയം വേണമെന്ന് പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടത്.