കെ.എസ്. ആര്‍.ടി.സി; ജില്ലയില്‍ പ്രതിദിനം കുറവ് നാലുലക്ഷം രൂപയിലേറെ



പയ്യന്നൂര്‍: കെ.എസ്.ആര്‍.ടി.സി.യുടെ വരുമാനത്തില്‍ ജില്ലയില്‍ പ്രതിദിന കുറവ് നാലുലക്ഷം രൂപയിലേറെ. സര്‍വീസുകള്‍ കൃത്യമായി നടക്കാത്തതാണ് വരുമാനത്തെ ദോഷകരമായി ബാധിക്കുന്നത്. ബസ്സുകളുടെ കുറവിനെത്തുടര്‍ന്ന് ഒട്ടേറെ സര്‍വീസുകളാണ് ദിവസവും ജില്ലയില്‍ റദ്ദാക്കുന്നത്.

ജില്ലയിലെ മൂന്ന് ഡിപ്പോകളിലായി 64 ബസ്സുകളാണ് കട്ടപ്പുറത്തുള്ളത്. ഒരു ബസ്സിന് പ്രതിദിന വരുമാനം ശരാശരി പതിനായിരം രൂപയാണ് അധികൃതര്‍തന്നെ കണക്കാക്കിയിരിക്കുന്നത്. ഏറ്റവുംകൂടുതല്‍ ബസ്സുകള്‍ കട്ടപ്പുറത്തിരിക്കുന്നത് കണ്ണൂര്‍ ഡിപ്പോയിലാണ്-26 എണ്ണം. പയ്യന്നൂരില്‍ 21 എണ്ണവും തലശ്ശേരിയില്‍ 17 എണ്ണവും കട്ടപ്പുറത്താണ്. സ്പെയര്‍പാര്‍ട്സുകളുടെ അഭാവമാണ് ഇതിനുകാരണം.
ടയറുകള്‍ ഉള്‍പ്പെടെ ആവശ്യമായ സാധനങ്ങള്‍ ഒരു ഡിപ്പോയിലേക്കും എത്തുന്നില്ലെന്ന് അധികൃതര്‍ പറയുന്നു. ചെറിയ അളവിലാണ് സ്പെയര്‍ പാര്‍ട്സുകള്‍ എത്തിക്കുന്നത്. ഇവ ഉപയോഗിച്ച്‌ സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്ന ബസ്സുകളുടെ തകരാറുകള്‍ പരിഹരിക്കുകയാണ് ചെയ്യുന്നത്. ടയറുകളുടെ ക്ഷാമമാണ് മിക്ക ഡിപ്പോകളിലെയും പ്രധാന പ്രശ്നം. ബസ്സുകള്‍ ബ്രേയ്ക്ക് കഴിഞ്ഞ് ഇറക്കാനാവശ്യമായ പാര്‍ട്സുകള്‍പോലും ലഭിക്കുന്നില്ലെന്ന് ജീവനക്കാര്‍ പറയുന്നു.

വിവിധ ഡിപ്പോകളില്‍ ഡ്രൈവര്‍മാരുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും ബസ്സുകള്‍ നിരത്തിലിറങ്ങാത്തതിനാല്‍ അത് കാര്യമായി ബാധിക്കുന്നില്ല. ബസ്സുകളുടെ കുറവിനെത്തുടര്‍ന്ന് ഗ്രാമീണറൂട്ടുകളിലേക്കുള്ള സര്‍വീസുകളാണ് പ്രധാനമായും റദ്ദാക്കപ്പെടുന്നത്. ചെയിന്‍ സര്‍വീസുകളെയും ബസ്സുകളുടെ അഭാവം കാര്യമായി ബാധിക്കുന്നുണ്ട്. കണ്ണൂര്‍-പയ്യന്നൂര്‍ ചെയിന്‍ സര്‍വീസ് നിര്‍ത്തിയ അവസ്ഥയിലാണ്. ലാഭ-നഷ്ടം നോക്കാതെ നടത്തണമെന്ന് ഉത്തരവിറക്കിയ സര്‍വീസാണ് നിര്‍ത്തിയത്.