കെ.എസ്.ആര്‍.ടി.സിയില്‍ പ്രതിസന്ധി രൂക്ഷം , ഒരു മാസത്തെ ശമ്ബളം കുടിശികയായേക്കും
കോട്ടയം : സാമ്പത്തിക പ്രതിസന്ധിമൂലം കെ.എസ്.ആര്‍.ടി.സിയിലെ ഒരു മാസത്തെ ശമ്പളം കുടിശികയായി മാറാന്‍ സാധ്യത. പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാ മാസവും നല്‍കുന്ന 20 കോടിക്കു പുറമെ 50 കോടി രൂപ കൂടി അടിയന്തര സഹായമായി ആവശ്യപ്പെട്ടെങ്കിലും 15 കോടി മാത്രമാണു സര്‍ക്കാര്‍ അനുവദിച്ചത്. കൂടുതല്‍ തുക അനുവദിച്ചില്ലെങ്കില്‍ ഒരു മാസത്തെ ശമ്ബളം കുടിശിക ആയി മാറുന്ന അസാധാരണ സാഹചര്യമുണ്ടാകുമെന്നു ചൂണ്ടിക്കാട്ടി കോര്‍പറേഷന്‍ സി.എം.ഡി. കഴിഞ്ഞ 17നു കത്തയച്ചിരുന്നു.
മാസങ്ങളായി വൈകുന്ന ശമ്ബളം ഈ മാസം രണ്ടു ഘട്ടങ്ങളിലായാണു നല്‍കിയത്. ഡീസല്‍ ഇനത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനു നല്‍കാനുള്ള മൂന്നു കോടി, ഹിന്ദുസ്‌ഥാന്‍ പെട്രോളിയത്തിനു നല്‍കുന്ന 50 ലക്ഷം, നാഷണല്‍ പെന്‍ഷന്‍ സിസ്‌റ്റവുമായി ബന്ധപ്പെട്ട് എസ്.ബി.ഐ. കാപ്പിറ്റലില്‍ അടയ്‌ക്കേണ്ട 50 ലക്ഷം എന്നിങ്ങനെ നാലുകോടി രൂപ പ്രതിമാസ സഹായമായ 20 കോടി രൂപയില്‍ നിന്നു സര്‍ക്കാര്‍ നേരിട്ട് അടയ്‌ക്കുകയാണ്. ബാക്കി 16 കോടി രൂപയാണു ജീവനക്കാരുടെ ശമ്ബള ഇനത്തിലേക്കായി കെ.എസ്.ആര്‍.ടി.സി.ക്കു ലഭിക്കുക.
ഡ്രൈവര്‍മാരില്ലാത്തതുമൂലം സര്‍വീസുകള്‍ വെട്ടിക്കുറച്ചതിനാല്‍ വരുമാനം ഗണ്യമായി കുറഞ്ഞിരുന്നു. അവശേഷിക്കുന്ന ദിവസങ്ങളില്‍നിന്നു 15 കോടി മാത്രമാണു ശമ്ബളത്തിനായി കണ്ടെത്താന്‍ സാധിക്കുന്നതെന്നും സി.എം.ഡി. അയച്ച കത്തില്‍ പറയുന്നു. ആകെ ശമ്ബളത്തിനും വേതനത്തിനുമായി 84 കോടി രൂപ ആവശ്യമുള്ളതിനാല്‍ 69 കോടി രൂപയുടെ കുറവുണ്ടാകും. പ്രതിമാസം അനുവദിക്കുന്ന 16 കോടി ലഭിച്ചാല്‍ പോലും നവംബര്‍ അവസാനത്തോടെ മാത്രമെ വരുമാനത്തില്‍നിന്നും തുക കണ്ടെത്തി ശമ്ബളം കൊടുക്കുവാന്‍ സാധിക്കുകയുള്ളൂവെന്നും ഇത് ഒരു മാസത്തെ ശമ്ബളം കുടിശികയായി മാറുന്ന അവസ്‌ഥയുണ്ടാക്കുമെന്നും കത്തില്‍ പറയുന്നു.
കത്തിനു മറുപടിയായി 25നു ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അനുവദിച്ച തുകയില്‍ 15 കോടി മാത്രമാണ് കോര്‍പറേഷിനു ശമ്ബള ഇനത്തില്‍ അനുവദിക്കപ്പെട്ടിരിക്കുന്നത്. അക്കൗണ്ടന്റ് ജനറലിനു കെ.എസ്.ആര്‍.ടി.സി. ഓഡിറ്റ് ഫീസായി നല്‍കുവാനുള്ള ഒരു കോടി രൂപ കൂടി ഇത്തവണ പിടിക്കുന്നതായി കാണിച്ചതോടെ 30 കോടി മാത്രമാണ് കോര്‍പറേഷന്റെ ആക്കൗണ്ടില്‍ ബാക്കി ഉണ്ടാവുക. ശമ്ബളത്തിനായി 54 കോടി രൂപയുടെ കുറവുണ്ടാകും. ശബരിമല സര്‍വീസുകള്‍ക്കായി ഇത്തവണയും പുതിയ ബസുകള്‍ ഇല്ലാത്തതിനാല്‍ നിലവില്‍ മറ്റു റൂട്ടുകളില്‍ ഓടുന്ന ബസുകള്‍ പിന്‍വലിക്കേണ്ടി വരുന്ന ഗുരുതര സാഹചര്യവുമുണ്ടാകും.


0 Comments