വാറ്റ് കുടിശികയുടെ പേരിൽ പിണറായി സർക്കാർ തത്വദീക്ഷയില്ലാതെ വ്യാപാരികളെ ദ്രോഹിക്കുന്നു.സതീശൻ പാച്ചേനി



നികുതി കുടിശ്ശികയുടെ പേര് പറഞ്ഞ് വ്യാപാരി വ്യവസായി സമൂഹത്തെ ദുരിതത്തിലാക്കുന്ന സർക്കാർ നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും പിണറായി സർക്കാറിന്റെ തത്വദീക്ഷയില്ലാതെ വ്യാപാരികളെ ദ്രോഹിക്കുന്ന നടപടിക്കെതിരെ പ്രതിഷേധം ഉയരണമെന്നും സതീശൻ പാച്ചേനി പറഞ്ഞു.

ജി.എസ് ടി സമ്പ്രദായം പ്രാബല്യത്തിൽ വന്നതിന് ശേഷം മുൻപ് നിലവിലുണ്ടായിരുന്ന മൂല്യവർദ്ധിത നികുതിയുടെ കണക്കിൽ പൊരുത്തക്കേടുകൾ ഉണ്ടെന്ന പേരിൽ വ്യാപാരി വ്യവസായികൾക്ക് നോട്ടീസ് അയച്ച് മാനസ്സിക പീഢനം ഏല്പിക്കുന്നത് ജനാധിപത്യ സർക്കാറുകൾക്ക് ചേർന്ന ശരിയായ നടപടിയല്ല. ലക്ഷക്കണക്കിന് രൂപയുടെ പൊരുത്തക്കേടുകൾ ഉണ്ടെന്ന അറിയിപ്പാണ് ചെറുകിട വൻകിട വ്യത്യാസമില്ലാതെ കേരളത്തിലെ പതിനായിരക്കണക്കിന് വ്യാപാരികൾക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്. കഴിഞ്ഞ കാലങ്ങളിൽ സർക്കാർ നികുതി പൊരുത്തക്കേടുകളെ കുറിച്ച് വ്യാപാരികൾക്ക് നോട്ടീസ് അയച്ചിരുന്നപ്പോൾ അതിൽ കാര്യകാരണങ്ങൾ വ്യക്തമായി രേഖപ്പെടുത്തുമായിരുന്നു. പക്ഷെ ഇപ്പോൾ അയക്കുന്ന നോട്ടീസ് ഒരു കാരണം വ്യക്തമാക്കാതെയാണ് സർക്കാർ അയച്ച് കൊണ്ടിരിക്കുന്നത്. എന്ത് പിഴവാണ് വ്യാപാരികൾക്ക് സംഭവിച്ചിട്ടുള്ളത് എന്ന് ആർക്കും മനസിലാക്കാൻ സാധിച്ചിട്ടില്ല. യാതൊരു മാനദണ്ഡവുമില്ലാതെ വൻ തുക സർക്കാറിലേക്ക് അടക്കേണ്ടി വരും എന്നുള്ള സമ്മർദ്ധത്തിൽ അകപ്പെട്ടിരിക്കുകയാണ് കേരളത്തിലെ വ്യാപാരി സമൂഹം.

ജി.എസ്.ടി.ഏർപ്പെടുത്തിയതിന് ശേഷം ഉണ്ടായിട്ടുള്ള ഒട്ടേറെ ആശങ്കകൾ നിലനില്ക്കുമ്പോഴാണ് പഴയ കണക്കുകളുടെ പേരിൽ വീണ്ടും വ്യാപാരികളെ ക്രൂരമായി ദ്രോഹിക്കുന്ന നടപടിയുമായി സർക്കാർ രംഗത്ത് വന്നിട്ടുള്ളത്. സർക്കാർ നടപടിയുടെ പേരിൽ ലഭ്യമായ നോട്ടീസിന് സ്റ്റേ നേടണമെങ്കിൽ പോലും മൂന്ന്ലൊന്ന് തുക കെട്ടിവയ്ക്കണം എന്ന മറ്റൊരു ഇരുട്ടടിയും വ്യാപാരികൾക്ക് മേൽ സർക്കാർ ചെയ്തിരിക്കുകയാണ്.

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലൊന്നുമില്ലാത്ത ഒരു പ്രതിഭാസം കേരളത്തിൽ മാത്രമാണ് പിണറായി സർക്കാർ സൃഷ്ടിച്ചിട്ടുള്ളത്. യാതൊരു മാനദണ്ഡവും തത്വദീക്ഷയുമില്ലാതെ വ്യാപാരികൾക്ക് നോട്ടീസ് അയച്ച് അതിനെ കുറിച്ചുള്ള കാരണം അറിയിക്കാൻ പറയുന്നത് ഏത് വ്യവസ്ഥയുടെ പേരിലാണെന്ന് സർക്കാർ വ്യക്തമാക്കണം.

വാറ്റിന്റെ കുടിശിക ഒത്തുതീർപ്പാക്കാനുള്ള ആംനെസ്റ്റി സ്കീം നടപ്പിലാക്കിയപ്പോൾ നികുതി കുടിശ്ശിക മാത്രം അടക്കാൻ സൗകര്യം ഒരുക്കിയിരുന്ന സർക്കാർ
പ്രളയ ദുരിതത്തിൽപ്പെട്ട് കഷ്ടതയിൽ നിന്ന് മെല്ലെ കരകയറി വരുമ്പോഴാണ് വ്യാപാരികളെ വീണ്ടും നിയമസാധുത ഇല്ലാതെ ദ്രോഹിക്കുന്ന പുതിയ നടപടി യുമായി രംഗത്ത് വന്നിട്ടുള്ളതെന്നും മനുഷ്യത്വമില്ലാത്ത ഈ നടപടി യിൽ നിന്നും ഉടൻ സർക്കാർ പിൻതിരിയണമെന്നും ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി പ്രസ്താവനയിൽ പറഞ്ഞു.