സ്മാര്‍ട്ടായി മോട്ടോര്‍ വാഹന വകുപ്പ്; നിയമലംഘകരെ കുടുക്കാന്‍ ഇനി സ്മാര്‍ട്ട് എന്‍ഫോഴ്സ്മെന്റും
തൃശൂര്‍: പുതുക്കിയ മോട്ടോര്‍ വാഹനനിയമം പ്രാബല്യത്തില്‍ വന്നതോടെ കൂടുതല്‍ സ്മാര്‍ട്ട് ആകാന്‍ തയാറെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കാന്‍ സ്മാര്‍ട്ട് എന്‍ഫോഴ്സ്മെന്റ് രൂപീകരിച്ചാണ് മോട്ടോര്‍വാഹന വകുപ്പ് ഈ നേട്ടത്തിലേക്കു ചുവടു വയ്ക്കുന്നത്. വഴിയില്‍ കാത്തുനിന്നു നിയമലംഘകരെ പിടികൂടുക എന്ന രീതിക്കാണ് ഇതോടെ മാറ്റം വരിക. ഏതെങ്കിലും തരത്തില്‍ നിയമം ലംഘിക്കുന്നതു ശ്രദ്ധയില്‍പെട്ടാല്‍ അവരുടെ ഫോട്ടോ എടുത്തു കേസ് ഷീറ്റ് തയാറാക്കി, കുറ്റകൃത്യം ചെയ്തയാള്‍ക്ക് അയച്ചുകൊടുക്കുന്ന രീതിയാണിത്. പിഴ നേരില്‍ ഹാജരായി അടച്ചില്ലെങ്കില്‍ ബാക്കി നടപടികള്‍ കോടതിയിലേക്കു വിടും. ജനങ്ങള്‍ക്കുകൂടി പങ്കാളിത്തം വഹിക്കാവുന്ന "തേര്‍ഡ് ഐ' എന്‍ഫോഴ്സ്മെന്റിനും രൂപം നല്‍കിയിട്ടുണ്ട്. നിയമലംഘനം കണ്ടാല്‍, കുറ്റകൃത്യം ചെയ്തവരുടെ ഫോട്ടോ ജനങ്ങള്‍ക്കും എടുത്തു മോട്ടോര്‍ വാഹനവകുപ്പിനു കൈമാറാം. ഇമെയില്‍ വഴിയോ വാട്സ്ആപ്പ് വഴിയോ ആണ് ഫോട്ടോ അപ്ലോഡ് ചെയ്യേണ്ടത്.
mvd@kerala.gov.in എന്ന മെയില്‍ ഐഡി വഴിയും www. mvd.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാകുന്ന വാട്സ്ആപ്പ് നന്പര് വഴിയും ജനങ്ങള്‍ക്ക് തേര്‍ഡ് ഐ എന്‍ഫോഴ്സ്മെന്റില്‍ പങ്കാളികളാകാം. പുതിയ നിയമം വന്നതോടെ ജനങ്ങള്‍ സ്വമേധയാ നിയമം ലംഘിക്കുന്നതു തടയാന്‍ തയാറായതാണ് ഗുണകരമായ നേട്ടമെന്നു വകുപ്പ് വ്യക്തമാക്കുന്നു. ജില്ലയിലെ ട്രാഫിക് കുറ്റകൃത്യങ്ങളില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
നഗരപ്രദേശങ്ങളില്‍ 80 ശതമാനം ആളുകളാണ് മുന്‍പ് ഹെല്‍മറ്റ് ധരിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ 95 ശതമാനമായി അതു വര്‍ധിച്ചു. ഗ്രാമപ്രദേശങ്ങളില്‍ ഇതു 30 മുതല്‍ 60 ശതമാനം വരെയായി ഉയര്‍ന്നിട്ടുണ്ട്. ട്രാഫിക് നിയമലംഘനത്തിന് ഉയര്‍ന്ന പിഴ അടങ്ങുന്ന മോട്ടോര്‍ വാഹന നിയമം 63 ആണ് ഭേദഗതിയോടെ സെപ്റ്റംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്നത്. ഗതാഗതനിയമലംഘനങ്ങളുടെ പിഴ കൂട്ടിയതോടെ നിയമലംഘനത്തിലും കുറവ് വന്നിരുന്നു. നിയമം ലംഘിച്ചാല്‍ പിഴ, ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുക എന്നീ നടപടികള്‍ കൂടാതെ കുറ്റക്കാര്‍ ഏതെങ്കിലും ഒരു കമ്യൂണിറ്റി സര്‍വീസില്‍ കാഷ്വാലിറ്റി സര്‍വീസ് ചെയ്യുകയും ഒരു റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസില്‍ പങ്കെടുക്കുകയും ചെയ്താല്‍ മാത്രമേ ശിക്ഷാനടപടികള്‍ പൂര്‍ണമാകൂ.


0 Comments