കണ്ണൂര്‍: അപകടം ഓര്‍മനഷ്ടപ്പെടുത്തിയ മൂന്നുവര്‍ഷത്തിനുശേഷം സിസിലിക്ക് മേല്‍വിലാസം കിട്ടിയത് കണ്ണൂര്‍ ബര്‍ണശ്ശേരിയിലെത്തിയപ്പോള്‍. പണ്ടെപ്പോഴോ സഹോദരിയുടെ വീട്ടിലെത്തിയ തന്റെ നേരിയ ഓര്‍മയില്‍നിന്നാണ് സിസിലി തിരുനെല്‍വേലിയില്‍നിന്ന് കണ്ണൂരേക്ക് വഴിപറഞ്ഞുകൊടുത്തത്.
കൂത്തുപറമ്ബ് ജനമൈത്രി പോലീസും സഖി സംഘടനയും ഇവരെ വ്യാഴാഴ്ച വൈകീട്ട് കണ്ണൂരിലെത്തിച്ചു. ബര്‍ണശ്ശേരിയില്‍ സഹോദരി ഇല്ലായിരുന്നു. എന്നാല്‍, അവരുടെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ സിസിലിയെ തിരിച്ചറിഞ്ഞു. അവരില്‍നിന്ന് സിസിലിയുടെ ഭര്‍ത്താവിന്റെ വീട് കുടക് കുട്ടയിലാണെന്നും ഭര്‍ത്താവും മൂന്നുമക്കളുമുണ്ടെന്നും മനസ്സിലാക്കി. എന്നാല്‍, അവര്‍ അനുകൂലസമീപനമെടുക്കാത്തതിനാല്‍ സിസിലിയെ അനാഥാലയത്തില്‍ താമസിപ്പിക്കാനാണ് ഇപ്പോള്‍ പോലീസിന്റെ തീരുമാനം. കുടകില്‍ അന്വേഷണം നടത്താനും തീരുമാനിച്ചു.
മൂന്നുവര്‍ഷംമുന്‍പ് ചെന്നൈയില്‍വെച്ചാണ് സിസിലി(33) വാഹനാപകടത്തില്‍പ്പെട്ടതെന്ന് 'സഖി' പ്രവര്‍ത്തക രേഷ്മ പറഞ്ഞു. ഓര്‍മനഷ്ടപ്പെട്ട് ബസ്‌സ്റ്റാന്‍ഡിലലഞ്ഞ് തിരുനെല്‍വേലിയിലെത്തി. 'സഖി' അവരെ അവിടെ താമസിപ്പിച്ചു. പിന്നീട് മാസങ്ങള്‍ക്കുശേഷം നേരിയ ഓര്‍മവന്നപ്പോള്‍ കണ്ണൂര്‍ എന്ന സ്ഥലപ്പേരുപറഞ്ഞു. തുടര്‍ന്ന് കൂത്തുപറമ്ബിലെ 'സഖി' കേന്ദ്രത്തിലാക്കി. ജനമൈത്രി പോലീസ് ഓഫീസര്‍ കെ.ബിന്ദുവിന്റെ നേതൃത്വത്തില്‍ പോലീസ് കണ്ണൂരും ബര്‍ണശ്ശേരിയിലും എത്തുകയായിരുന്നു. ഫോണില്‍ സംസാരിച്ചപ്പോള്‍ ഭര്‍ത്താവ് അനുകൂലനിലപാടെടുക്കാത്തതിനാല്‍ തത്കാലം അനാഥാലയത്തിലാക്കാനാണ് തീരുമാനമെന്ന് പോലീസ് പറഞ്ഞു. കൗണ്‍സലര്‍ ഷീബയും ഒപ്പമുണ്ടായിരുന്നു.


0 Comments