വന്യജീവി സങ്കേതത്തില്‍ കാട്ടുകൊമ്പൻ ഷോക്കേറ്റ് ചരിഞ്ഞു
സുല്‍ത്താന്‍ബത്തേരി: വയനാട് വന്യജീവി സങ്കേതത്തില്‍ വനംവകുപ്പ് സ്ഥാപിച്ച വൈദ്യുത വേലിയില്‍നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു. മുത്തങ്ങ റെയ്ഞ്ചിലെ പഴൂര്‍ സ്റ്റേഷന്‍ പരിധിയിലുള്ള തോട്ടാമൂല അച്യുതന്‍കൊല്ലിയിലാണ് ഞായറാഴ്ച രാവിലെ ഉദ്ദേശം 13 വയസ്സുള്ള കൊമ്ബനാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. നിലത്തുവീണുകിടക്കുന്ന കൊമ്ബന്റെ കഴുത്തില്‍ വൈദ്യുത വേലിക്കമ്ബി കുരുങ്ങിയ നിലയിലാണുണ്ടായിരുന്നത്.
വനാതിര്‍ത്തി പ്രദേശമായ ഇവിടെ മൃഗങ്ങള്‍ കാടിറങ്ങുന്നത് തടയുന്നതിന് വനംവകുപ്പ് വൈദ്യുത വേലിയും കിടങ്ങും സ്ഥാപിച്ചിട്ടുണ്ട്. ഈ വൈദ്യുത വേലി ആന കൊമ്ബുകൊണ്ട് തകര്‍ത്ത് കാടിന് പുറത്തിറങ്ങാന്‍ ശ്രമിക്കുന്നതിനിടയില്‍ അപകടം സംഭവിച്ചതാകാമെന്നാണ് കരുതുന്നത്. കൊമ്ബിലും കഴുത്തിലും കുരുങ്ങിയ വൈദ്യുത കമ്ബിയില്‍നിന്ന് രക്ഷപ്പെടാന്‍ സാധിക്കാതെ, തുടര്‍ച്ചായി ഷോക്കേറ്റതാവാം മരണകാരണമെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. സ്ഥലത്തെത്തിയ മുത്തങ്ങ അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കെ.പി. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തുടര്‍നടപടികള്‍ സ്വീകരിച്ചു. പ്രദേശത്ത് നടത്തിയ പരിശോധനയിലും അന്വേഷണത്തിലും വനംവകുപ്പിന്റെ വൈദ്യുത വേലിയിലേക്ക് അനധികൃതമായി മറ്റിടങ്ങളില്‍നിന്ന് വൈദ്യുതി കണക്ഷന്‍ നല്‍കാനുള്ള സാഹചര്യം ഇല്ലെന്ന് വനപാലകര്‍ പറഞ്ഞു. ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.


0 Comments