അഭയ ബലാത്സംഗത്തിന് ഇരയായിട്ടില്ല, ആന്തരികാവയവങ്ങളില്‍ പുരുഷ ബീജത്തിന്റെ അംശമില്ലെന്ന് മൊഴി
തിരുവനന്തപുരം: കൊല്ലപ്പെടുന്നതിന് മുന്‍പ് സിസ്റ്റര്‍ അഭയ ലൈംഗിക പീഡനത്തിന് ഇരയായിട്ടില്ലെന്ന് മുന്‍ ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ മൊഴി നല്കി. തിരുവനന്തപുരം ഫോറന്‍സിക് ലാബിലെ മുന്‍ കെമിക്കല്‍ എക്സാമിനര്‍ ആര് ഗീത, കെമിക്കല്‍ അനലിസ്റ്റ് കെ. ചിത്ര എന്നിവരാണ് കേസിന്റെ വിചാരണയുടെ ഭാഗമായി സിബിഐ കോടതിയില്‍ മൊഴി നല്‍കിയത്. അഭയയുടെ ആന്തരികാവയവങ്ങളുടെ സാമ്ബിളുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ മൊഴി.
തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ ജൂനിയര്‍ കെമിക്കല്‍ എക്സാമിനറായി ജോലി ചെയ്യുമ്ബോഴാണ് അഭയയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന നടത്തിയത്. കോട്ടയം മെഡിക്കല്‍ കോളജിലെ പൊലീസ് സര്‍ജനായ ഡോ സി രാധാകൃഷ്ണന്റെ നിര്‍ദേശപ്രകാരം അഭയയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ജാഗ്രതയോടെയാണ് നടത്തിയത്.
അഭയയുടെ ആന്തരികാവയവങ്ങളില്‍ പുരുഷ ബീജത്തിന്റെ അംശം കണ്ടെത്തിയിട്ടില്ലെന്നും കെമിക്കല്‍ എക്സാമിനര്‍ ആര്. ഗീത മൊഴി നല്കി. ക്രിസ്റ്റല്‍ രൂപത്തിലുള്ള ചില പദാര്‍ഥങ്ങള്‍ അഭയയുടെ ശരീരത്തില്‍ കണ്ടിരുന്നുവെന്നും എന്നാല്‍ ഇത് സ്ത്രീ ശരീരങ്ങളില്‍ കാണാറുള്ള വ്യതിയാനം മാത്രമായിരുന്നു എന്നും സാക്ഷികള്‍ കൂട്ടിച്ചേര്‍ത്തു. അഭയയുടെ ശരീരത്തില്‍ വിഷാംശവും ഉണ്ടായിരുന്നില്ലെന്നും ഇവര്‍ മൊഴി നല്കി.
സിസ്റ്റര്‍ അഭയയുടെ രാസപരിശോധന റിപ്പോര്‍ട്ട് തിരുത്തിയെന്ന കേസില്‍ പ്രതികളായിരുന്നു ഇന്നലെ വിചാരണക്ക് വിധേയരായ ഇരുവരും. രാസപരിശോധന റിപ്പോര്‍ട്ടില്‍ കൃത്രിമം കാട്ടിയെന്ന് ആക്ടിവിസ്റ്റ് ജോമോന് പുത്തന്‍ പുരയ്ക്കല്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഈ ആരോപണമാണ് അഭയകേസിനെ ഏറെ വിവാദമാക്കിയത്. തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഉത്തരവിട്ടുവെങ്കിലും പിന്നീട് ഇരുവരെയും കേസില്‍ നിന്ന് മോചിപ്പിക്കുകയായിരുന്നു.


0 Comments