കൂവേരി - കാട്ടാമ്ബള്ളി റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മാണ പ്രവൃത്തിക്ക് തുടക്കമായി






ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തില്‍ കുപ്പം ആറിന് കുറുകെ നിര്‍മ്മിക്കുന്ന കൂവേരി - കാട്ടാമ്ബള്ളി റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മ്മാണ പ്രവൃത്തി ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കര്‍ഷകന് മികച്ച വരുമാനം ലഭിക്കണമെങ്കില്‍ ശാസ്ത്രീയമായി തന്നെ കൃഷി ചെയ്യണമെന്നും ഓരോ കുടുംബത്തിന്റെയും വരുമാന വര്‍ധനവിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്നും മന്ത്രി പറഞ്ഞു.

ശാസ്ത്രീയമായി കൃഷി ലോകത്തിനെ പഠിപ്പിക്കുന്ന ഗവേഷണ സ്ഥാപനങ്ങള്‍ ഇവിടുണ്ട്. പക്ഷെ കൃഷിരീതി അശാസ്ത്രീയമാണ്. ഏതൊക്കെ വിളകള്‍ ഏതെല്ലാം തരത്തില്‍ കൃഷി ചെയ്യണമെന്ന് സ്സിലാക്കണം. ഓരോ ചെടിയുടെ ചുവട്ടിലും അതിന് ആവശ്യമുള്ള ജലം എത്തിക്കുന്ന തരത്തില്‍ കമ്മൂണിറ്റി ഇറിഗേഷന്‍ സംവിധാനം നടപ്പാക്കേണ്ടതുണ്ട്. പാവപ്പെട്ട ആളുകള്‍ക്ക് അഞ്ച് സെന്റ് ഭൂമിയുണ്ടെങ്കില്‍ അവര്‍ക്ക് അതിന്റെ ഗുണം ലഭിക്കണം. ലിഫ്റ്റ് ഇറിഗേഷന്റെ സാധ്യത മനസ്സിലാക്കി അതിനുവേണ്ട നടപടികള്‍ ആരംഭിക്കണമെന്നും പ്രദേശത്തെ താല്‍പര്യമുള്ള കര്‍ഷകരെ വിളിച്ച്‌ ചേര്‍ത്ത് ഒരു സൊസൈറ്റി രൂപീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കിഫ്ബിയുടെ സാമ്ബത്തിക സഹായത്തോടെയാണ് കുപ്പം ആറിനു കുറുകെ റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മിക്കുന്നത്. കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് വഴിയാണ് നിര്‍മ്മാണം.