ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും ഒന്നിക്കുന്നു; മഹാരാഷ്ട്രയിലെ അനിശ്ചിതത്വം ഇന്നവസാനിക്കും; ബിജെപിക്ക് കനത്ത തിരിച്ചടി
മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ അനിശ്ചിതത്വം ഇന്ന് അവസാനിച്ചേക്കും. ബിജെപിയെ അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ കോണ്‍ഗ്രസ്, എന്‍സിപി, ശിവസേനാ സഖ്യസര്‍ക്കാര്‍ വരും. ബിജെപിക്ക് കനത്ത തിരിച്ചടിയാകുന്ന തീരുമാനം ഇന്നുണ്ടാകും. കോണ്‍ഗ്രസ്, എന്‍സിപി, ശിവസേനാ നേതാക്കള്‍ ഒന്നിച്ചിരുന്ന് സഖ്യരൂപീകരണത്തില്‍ അന്തിമ തീരുമാനം എടുക്കും. ചര്‍ച്ചകള്‍ക്ക് മുന്നോടിയായി ശിവസേന നേതാക്കള്‍ ഇന്നലെ രാത്രി ശരത് പവാറിനെ വീട്ടിലെത്തി കണ്ടു.
ചര്‍ച്ചകള്‍ക്ക് ശേഷം കോണ്‍ഗ്രസ് എന്‍സിപി നേതാക്കള്‍ ഇന്നലെ തന്നെ മുംബൈയിലെത്തി. രാവിലെ ഇരുപാര്‍ട്ടി നേതാക്കള്‍ ഒരുവട്ടം കൂടി കൂടിക്കാഴ്ച നടത്തിയ ശേഷമാവും ശിവസേനയുമായുള്ള സംയുക്ത ചര്‍ച്ച. മൂന്ന് പാര്‍ട്ടികളുടേയും സംയുക്ത വാര്‍ത്താസമ്മേളനവും ഇന്നുണ്ടായേക്കും. ഡിസംബര്‍ ഒന്നിനകം സത്യപ്രതിജ്ഞയെന്നാണ് സേനാ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞത്.
അതേസമയം, ബിജെപിയുടെ കുതിരക്കച്ചവടം തടയാന്‍ ശിവസേനാ എംഎല്‍എമാരെ രാജസ്ഥാനിലെ ഉദയ് പൂരിലേക്കോ ജയ്പൂരിലേക്കോ മാറ്റിയേക്കുമെന്നാണ് സൂചന. എംഎല്‍എമാരോട് വസ്ത്രങ്ങളും ആധാര്‍,പാന കാര്‍ഡുകളുമായി രാവിലെ തന്നെ മാതോശ്രീയിലെത്താനാണ് ഉദ്ദവ് താക്കറെ ആവശ്യപ്പെട്ടിരുന്നു.


0 Comments