സംസ്ഥാന കായികോത്സവം: മുന്നേ ഓടുന്ന ഡ്രൈവര്‍മാരെ അനുമോദിച്ചു






കണ്ണൂര്‍: സംസ്ഥാന കായികോത്സവത്തില്‍ അധികമാരും ശ്രദ്ധിക്കപ്പെടാതെ, നിതാന്ത ജാഗ്രതയോടെ പണിയെടുക്കുന്ന ഒരു വിഭാഗമുണ്ട്. മത്സരാര്‍ഥികളെ അതിരാവിലെ കൃത്യസമയത്ത് ഗ്രൗണ്ടിലും മത്സരശേഷം തിരിച്ച്‌ താമസസ്ഥലത്തേക്കുമെത്തിക്കുന്ന മുപ്പതോളം ഡ്രൈവര്‍മാര്‍. കാലത്ത് അഞ്ചുമണിയോടെ അവര്‍ 12 കേന്ദ്രങ്ങളിലായി കുട്ടികള്‍ക്ക് ഒരുക്കിയ താമസസ്ഥലത്തെത്തും. സമീപപ്രദേശങ്ങളിലെ മുപ്പതോളം സ്കൂള്‍ ബസ്സുകളാണ് ഉപയോഗപ്പെടുത്തുന്നത്. ആറുമണിക്ക് മുമ്ബേ കുട്ടികളുമായി ഡ്രൈവര്‍മാര്‍ ഗ്രൗണ്ടിലെത്തും.
പുലര്‍ച്ചെ നാലുമണിക്ക് മുന്‍പ്‌ ഉണര്‍ന്നാലേ അവര്‍ക്ക് നിശ്ചിത കേന്ദ്രങ്ങളിലെത്താനാവൂ. ഒരു മിനുട്ട് വൈകിയാല്‍പ്പോലും മത്സരിക്കുന്ന കുട്ടിയുടെ അവസരം നഷ്ടപ്പെടുമെന്നതിനാല്‍ ജാഗ്രതയോടെയാണ് അവര്‍ സേവനംചെയ്യുന്നത്. തൃച്ചംബരം യു.പി. സ്കൂളിലെ പി.കൃഷ്ണനാണ് ഡ്രൈവര്‍ സംഘത്തിലെ മുതിര്‍ന്ന ആള്‍.

സര്‍ സയ്യിദ് എച്ച്‌.എസ്.എസിലെ സി.ടി.മുഹാസ് പ്രായംകുറഞ്ഞയാളുമാണ്. സ്കൂള്‍ പ്രവൃത്തിദിവസങ്ങളില്‍ മത്സരാര്‍ഥികളെ ഗ്രൗണ്ടിലെത്തിച്ചശേഷം ജോലിചെയ്യുന്ന സ്കൂളിലെ കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുവരികയും കൊണ്ടുപോവുകയുംചെയ്യേണ്ട ഉത്തരവാദിത്വവും ഇവര്‍ നിറവേറ്റുന്നുണ്ട്. ഇതുവരെ ഒരു പരാതിക്കുമിടയില്ലാതെ അതിരാവിലെയും രാത്രി വൈകിയും സേവനംചെയ്തുവരുന്ന ഡ്രൈവര്‍മാരെ തിങ്കളാഴ്ച സന്ധ്യയ്ക്ക് ട്രാന്‍സ്പോര്‍ട്ട് കമ്മിറ്റി സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ അഭിനന്ദിച്ചു.

വിവിധ സബ് കമ്മിറ്റി കണ്‍വീനര്‍മാര്‍ പങ്കെടുത്തു. സ്പോര്‍ട്‌സ് ആന്‍ഡ്‌ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ജോയിന്റ് ഡയറക്ടര്‍ ഡോ. ചാക്കോ ജോസഫ് ഉദ്ഘാടനംചെയ്തു. ട്രാന്‍സ്‌പോര്‍ട്ട് കമ്മിറ്റി കണ്‍വീനര്‍ എന്‍.വിനോദ്കുമാര്‍, കെ.കെ.പ്രകാശന്‍, കെ.സി.രാജന്‍, എം.മനോജ്കുമാര്‍, കെ.സുനില്‍കുമാര്‍, ബഷീര്‍ ചെറിയാണ്ടി, ഹരീഷ് കടവത്തൂര്‍, കെ.പി.പ്രമോദ്, കെ.കെ.ശ്രീധരന്‍, വി.പി.പ്രേമകൃഷ്ണന്‍, കെ.പി.സായന്ത് എന്നിവര്‍ സംസാരിച്ചു.

ബസ്സുകള്‍ വിട്ടുനല്‍കിയ സ്കൂള്‍ മാനേജ്‌മെന്റിനെയും പി.ടി.എ.യേയും സ്ഥാപന മേധാവികളെയും യോഗം അഭിനന്ദിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ.പി.ചന്ദ്രന്‍ ചെയര്‍മാനും എന്‍.വിനോദ്കുമാര്‍ കണ്‍വീനറും ഹരീഷ് കടവത്തൂര്‍ ജോയിന്റ് കണ്‍വീനറും ടി.സി.സുധാകരന്‍, ഒ.മോഹനന്‍, പി.പി.രാഗേഷ് തുടങ്ങിയവര്‍ അംഗങ്ങളായുമുള്ള ട്രാന്‍സ്പോര്‍ട്ട് കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.