കന്നുകാലികള്‍ക്ക് ആധാര്‍ മാതൃകയില്‍ യു.ഐ.ഡി. നമ്ബര്‍ വരുന്നു





കൊല്ലം : സംസ്ഥാനത്തെ കന്നുകാലികള്‍ക്ക് ആധാര്‍ മാതൃകയില്‍ യുണീക് ഐഡന്റിഫിക്കേഷന്‍ നമ്ബര്‍ (യു.ഐ.ഡി.) വരുന്നു. പദ്ധതിപ്രകാരം നാലുമാസംമുതല്‍ മുകളിലോട്ട് പ്രായമുള്ള എല്ലാ കന്നുകാലികള്‍ക്കും യു.ഐ.ഡി. നമ്ബര്‍ നല്‍കും. ഉരുക്കളുടെ കാതുകളില്‍ മൈക്രോ ചിപ്പ് (റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ ഡിവൈസ്) ഘടിപ്പിച്ചാണ് ഇത് സാധ്യമാക്കുന്നത്. ഒരിക്കല്‍ ചിപ്പ് ഘടിപ്പിക്കുന്ന എല്ലാ മൃഗങ്ങളെയും ജീവിതകാലം മുഴുവന്‍ തിരിച്ചറിയാന്‍ കഴിയും. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്.

ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സംവിധാനം വഴി കന്നുകാലികളുടെ പ്രായം, കെട്ടിയിരിക്കുന്ന സ്ഥലം, കുത്തിവയ്പ് വിവരങ്ങള്‍, കറവയുടെ വിവരം, ഉടമയുടെ പേര്, മേല്‍വിലാസം തുടങ്ങി വിശദവിവരങ്ങള്‍ ശേഖരിക്കും. ഉടമസ്ഥര്‍ മാറുന്നതടക്കമുള്ള വിവരങ്ങള്‍ അപ്പപ്പോള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ടിരിക്കും. ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തി കന്നുകാലികളുടെ ഇലക്‌ട്രോണിക് രജിസ്റ്റര്‍ തയ്യാറാക്കും.

മൃഗസംരക്ഷണവകുപ്പിന്‍റെ ഭൂമിക എന്ന മൊബൈല്‍‌ ആപ്പ് ഉപയോഗിച്ചാണ് വിവരശേഖരണം നടത്തുന്നത്. ഇതിനായി ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍ക്ക് നേരത്തേതന്നെ 2000 ടാബുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.

സംസ്ഥാനത്തെ കന്നുകാലികളെ സംബന്ധിക്കുന്ന സമഗ്രമായ വിവരങ്ങള്‍ ലഭിക്കുന്നതോടെ മൃഗസംരക്ഷണമേഖലയുടെ കൃത്യമായ മേല്‍നോട്ടവും ആസൂത്രണവും കാര്യക്ഷമമായി നടത്താനാകുമെന്ന് സര്‍ക്കാര്‍ കരുതുന്നു. കന്നുകാലികള്‍ക്കുണ്ടാകുന്ന പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കാനും മൃഗസംരക്ഷണവകുപ്പിന്റെ സാങ്കേതിക സഹായങ്ങള്‍ ഉറപ്പുവരുത്താനും കഴിയും. പ്രളയത്തിലും മറ്റും ഒറ്റപ്പെട്ടുപോകുന്ന കന്നുകാലികളുടെ ഉടമയെ കണ്ടെത്താനും മോഷണം തടയാനുമാകും.

ഇന്‍ഷുറന്‍സ്, കുളമ്ബുരോഗ പ്രതിരോധ കുത്തിവയ്പ് എന്നിവയുടെ ഭാഗമായി കന്നുകാലികളുടെ കാതിലിടുന്ന പ്ലാസ്റ്റിക് കമ്മല്‍, യു.ഐ.ഡി. നമ്ബര്‍ വരുന്നതോടെ ഒഴിവാകും. പ്രളയാനന്തര പുനര്‍നിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 കോടിയുടെ അനുമതി ലഭിച്ചു. പത്തനംതിട്ട ജില്ലയിലെ ആനിക്കാട് പഞ്ചായത്തില്‍ കഴിഞ്ഞവര്‍ഷം ഇതിന്റെ പരീക്ഷണപദ്ധതി നടത്തിയിരുന്നു.