അധ്യാപകര്‍ക്ക് ഏകദിന ബോധവല്‍കരണ ക്ലാസ്സ് സംഘടിപ്പിച്ചു
തൊണ്ണൂറു ദിനം കൊണ്ട് ലഹരിയെ പടിക്കു പുറത്താക്കാനൊരുങ്ങി ജില്ലാ പഞ്ചായത്ത്. എക്‌സൈസ് വകുപ്പിന്റെയും പൊലീസിന്റെയും സഹകരണത്തോടെയാണ് തീവ്രയജ്ഞം. പദ്ധതിയുടെ ഭാഗമായി ഡിസംബര്‍ നാലിനു വിദ്യാലയങ്ങളില്‍ ലഹരി വിരുദ്ധ വിമുക്തി പ്രതിജ്ഞ എടുക്കും. പ്രത്യേക അസംബ്ലി ചേര്‍ന്ന് ലഹരി ഉപയോഗം ജീവിതത്തിലുണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് ക്ലാസ്സ് നല്‍കും. പദ്ധതിയെക്കുറിച്ച് അദ്ധ്യാപകരെ ബോധവല്‍ക്കരിക്കുന്നതിനായാണ് ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട  അധ്യാപകര്‍ക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചത്. 
കൊച്ചുകുട്ടികള്‍ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതിനു പുറമെ അതിന്റെ വിതരണക്കാരായി മാറുകയാണെന്ന് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ പറഞ്ഞു. മദ്യത്തെക്കാളും വലിയ രീതിയിലാണ് പുതുതലമുറ കഞ്ചാവുപോലെയുള്ള ലഹരി വസ്തുക്കള്‍ക്ക് അടിപ്പെടുന്നത്.  കുട്ടികളുടെ സ്വഭാവ രൂപീകരണത്തില്‍ അധ്യാപകരും രക്ഷിതാക്കളും ഒരുപോലെ ഇടപെടണമെന്നും ജാഗരൂകരാകണമെന്നും പി പി ദിവ്യ കൂട്ടിച്ചേര്‍ത്തു. ലഹരിയുടെ നിരന്തരമായ ദുരുപയോഗമാണ് കുട്ടികളെ വിഷാദരോഗങ്ങളിലേക്കും ആത്മഹത്യകളിലേക്കും നയിക്കുന്നതെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധ്യക്ഷന്‍ ഇ ഡി ജോസഫ് മുഖ്യ പ്രഭാഷണത്തില്‍ സൂചിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിശീലന പരിപാടിയില്‍ ജില്ലാ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ പി ജയബാലന്‍ അധ്യക്ഷനായി. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പി കെ സുരേഷ്, മുന്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കെ കരുണാകരന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ എം രാജീവന്‍ , ജില്ലാപഞ്ചായത്ത് സെക്രട്ടറി പി ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.  
ലഹരിക്കെതിരെ എക്‌സൈസ് വകുപ്പ് സംഘടിപ്പിച്ചു വരുന്ന വിമുക്തി ക്യാംപെയിന്‍ വ്യാപിപ്പിക്കുന്നതിനായാണ് ജില്ലാ പഞ്ചായത്തുമായി ചേര്‍ന്ന് നവംബര്‍ ഒന്നു മുതല്‍ ജനുവരി 31 വരെയുള്ള  തൊണ്ണൂറു ദിന തീവ്രയജ്ഞ ലഹരി വിരുദ്ധ ബോധവല്‍കരണത്തിനു തുടക്കമിട്ടത്. ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്‌കൂളുകളിലെ ബി പോസിറ്റീവ് കര്‍മ്മ പദ്ധതിയില്‍ അമ്മമാര്‍ക്കായി പ്രത്യേക ബോധവല്‍കരണ പരിപാടികള്‍ നടന്നു വരുന്നുണ്ട്. ജില്ലയിലെ എല്ലാ അധ്യാപകര്‍ക്കും വിവിധ ഘട്ടങ്ങളിലായി പരിശീലനം പൂര്‍ത്തിയാക്കും