കാരിത്താസില്‍ മോണോ അമിനോട്ടിക്‌ ഇരട്ടകള്‍ പിറന്നു





കോട്ടയം: ഗര്‍ഭപാത്രത്തിലെ ഒരേ അറയ്‌ക്കുള്ളില്‍ അപകടകരമായ അവസ്‌ഥയില്‍ അത്യപൂര്‍വമായി വളരുന്ന മോണോ അമിനോട്ടിക്‌ ഇരട്ടകളെ ജീവിതത്തിലേക്കു കൈപിടിച്ചുയര്‍ത്തി കാരിത്താസ്‌ ആശുപത്രി.
കീഴൂര്‍ സ്വദേശികളായ അശ്വതി-അമല്‍ ദമ്ബതികള്‍ക്കാണ്‌ ഇരട്ടക്കുട്ടികള്‍ പിറന്നത്‌. അമ്മയും കുഞ്ഞുങ്ങളും പൂര്‍ണ ആരോഗ്യത്തോടെ ആശുപത്രി വിട്ടു. സാധാരണ ഇരട്ടക്കുട്ടികള്‍ ഉണ്ടാകുന്നതു ഗര്‍ഭപാത്രത്തിലെ രണ്ട്‌ അറകളിലായാണ്‌.
ഒരേ അറയില്‍ രൂപപ്പെടുന്നത്‌ അപകടകരവും. പതിനായിരത്തില്‍ ഒന്ന്‌ എന്ന രീതിയിലുള്ള അത്യപൂര്‍വ അവസ്‌ഥയില്‍ പൊക്കിള്‍ക്കൊടി കഴുത്തില്‍ ചുറ്റല്‍, ഭാരക്കുറവ്‌, ജനന വൈകല്യം രക്‌തചംക്രമണ വ്യതിയാനം തുടങ്ങിയവമൂലം 50 ശതമാനവും അബോര്‍ഷനാകുകയാണു പതിവ്‌. അല്ലെങ്കില്‍ സയാമീസ്‌ ഇരട്ടകളായി പരിണമിക്കും.
20-ാമത്‌ ആഴ്‌ചയില്‍ ഗര്‍ഭിണിയില്‍ നടത്തിയ പരിശോധനകളിലൂടെ മോണോ അമിനോട്ടിക്‌ ഇരട്ടകളെ തിരിച്ചറിഞ്ഞു നടത്തിയ പരിചരണമാണു രക്ഷയായത്‌. കുട്ടികളുടെ അവസ്‌ഥ എല്ലാ ആഴ്‌ചയും സ്‌കാനിങ്ങിലൂടെ നിരീക്ഷിക്കുകയും ചെയ്‌തു.
ഗര്‍ഭധാരണത്തിന്റെ 33-ാമത്തെ ആഴ്‌ച ഗൈനക്കോളജിസ്‌റ്റ്‌ ഡോ. ഡി.റെജി, ഫിറ്റല്‍ മെഡിസിന്‍ സ്‌പെഷലിസ്‌റ്റ്‌ ഡോ. സുമിത്ര വിശ്വനാഥന്‍, അനസ്‌തേഷ്യോളജിസ്‌റ്റ്‌ ഡോ. എം. സദാശിവന്‍, നിയോനേറ്റോളജിസ്‌റ്റുമാരായ ഡോ. സാജന്‍ തോമസ്‌, ഡോ. ദീപ സാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ ശസ്‌ത്രക്രിയയിലൂടെ ശിശുക്കളെ വിജയകരമായി പുറത്തെടുക്കുകയായിരുന്നു