വെള്ളക്കെട്ടില്‍ ചിതയൊരുക്കി ഗ്രഹനാഥന്റെ മൃതദേഹം സംസ്കരിച്ചു
മണ്ണഞ്ചേരി(ആലപ്പുഴ): വെള്ളമൊഴിയാതെ ഒറ്റപ്പെട്ട പ്രദേശത്ത് ഗൃഹനാഥെന്റ മൃതദേഹം സംസ്കരിച്ചത് മുട്ടൊപ്പം വെള്ളത്തില്‍ ചിതയൊരുക്കി. മണ്ണഞ്ചേരി ആറാം വാര്‍ഡിലെ കായലോര പ്രദേശത്താണ് ഈ ദുര്‍ഗതി. സന്തോഷ് ഭവനില്‍ പി.വി. രാഘവെന്റ (74) മൃതദേഹമാണ് വെള്ളക്കെട്ടില്‍ ചിതയൊരുക്കി സംസ്കരിച്ചത്.
മത്സ്യത്തൊഴിലാളിയായ രാഘവന് വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്. ബന്ധുവീട്ടില്‍ സൂക്ഷിച്ച മൃതദേഹം വെള്ളിയാഴ്ച രാവിലെ 11ഓടെയാണ് വസതിയില്‍ എത്തിച്ചത്. വെള്ളത്തില്‍ മണ്ണിട്ടുയര്‍ത്തി കല്ലും ഇഷ്ടികയും മറ്റും അടുക്കി സംസ്കാരത്തിനുള്ള സാഹചര്യം ഒരുക്കുകയായിരുന്നു. മോട്ടോര്‍ വെച്ച് ഈ ഭാഗത്തെ വെള്ളം വറ്റിക്കാന്‍ ശ്രമിച്ചു.
കഴിഞ്ഞ പ്രളയശേഷം ഈ പ്രദേശത്ത് വെള്ളം ഒഴിഞ്ഞിട്ടില്ല. കായല്‍-കക്ക-മത്സ്യത്തൊഴിലാളികള്‍ ഉള്‍െപ്പടെ സാധാരണക്കാരാണ് ഇവിടെ ജീവിക്കുന്നത്. പലരുടെയും വീടുകള്‍ക്കുള്ളില്‍ വെള്ളമാണ്. ഈ പ്രദേശത്തേക്ക് നല്ല വഴിയുമില്ല. ബന്ധുക്കളും നാട്ടുകാരും കിലോമീറ്ററോളം ചളിയും അഴുക്കും കലര്‍ന്ന വെള്ളം നീന്തിക്കടന്നാണ് മൃതദേഹം വീട്ടിലെത്തിച്ചത്. കഴിഞ്ഞ കാലങ്ങളില്‍ വേമ്ബനാട്ടുകായലില്നിന്ന് ചളിയും മണ്ണും എടുത്ത് പ്രദേശം ഉയര്‍ത്തിയിരുന്നു.
കാലക്രമേണ ഇത് നിന്നുപോയി. വേമ്ബനാട്ടുകായല്‍ ആഴംകൂട്ടി അവിടെനിന്ന് ലഭിക്കുന്ന മണ്ണോ തണ്ണീര്‍മുക്കം ബണ്ടില്‍നിന്ന് കിട്ടിയ മണ്ണോ ഇട്ട് പ്രദേശം ഉയര്‍ത്തണമെന്നും സുഗമമായി സഞ്ചരിക്കാനുള്ള വഴിയെങ്കിലും കിട്ടണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.


0 Comments