ദേശീയപാത 766: സംസ്ഥാനസര്‍ക്കാരിന്റെ ജാഗ്രതക്കുറവ്; നീലഗിരി - വയനാട് എന്‍. എച്ച്‌ ആന്‍ഡ് റെയില്‍വേ ആക്‌ഷന്‍ കമ്മിറ്റി.


സുല്‍ത്താന്‍ബത്തേരി: രാത്രിയാത്രാ നിരോധന കേസില്‍ കേന്ദ്രറോഡ് ഗതാഗതമന്ത്രാലയം ഗോണിക്കുപ്പ വഴിയുള്ള ബദല്‍പ്പാത ദേശീയപാതയാക്കി നിലവിലെ ദേശീയപാത 766 അടയ്ക്കുന്നതിനെ അനുകൂലിച്ച്‌ സത്യവാങ്മൂലം ഫയല്‍ ചെയ്തത് കേരള സര്‍ക്കാരിന്റെ ജാഗ്രതക്കുറവ് മൂലമാണെന്ന് നീലഗിരി-വയനാട് എന്‍.എച്ച്‌ ആന്‍ഡ് റെയില്‍വേ ആക്‌ഷന്‍ കമ്മിറ്റി.

ഗതാഗത മന്ത്രാലയവുമായി ചര്‍ച്ച ചെയ്ത് സത്യവാങ്മൂലം കേരളത്തിന് അനുകൂലമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം നിയോഗിക്കുമെന്നു പറയുന്ന കമ്മിറ്റിയെ നിയോഗിക്കാനോ, കര്‍ണാടകയുമായി ചര്‍ച്ച നടത്താനോ കേരള ഗവണ്‍മെന്റ് യാതൊന്നും ചെയ്യുന്നില്ല.
നിയമസഭ പാസാക്കിയ പ്രമേയംപോലും സുപ്രീംകോടതിയില്‍ ഹാജരാക്കാനായില്ല. സുപ്രീംകോടതിയില്‍ ബദല്‍പാത അംഗീകരിക്കില്ലെന്നോ, നിലവിലെ പാത പൂര്‍ണമായും തുറക്കണമെന്നോ കേരള സര്‍ക്കാരിന് വേണ്ടി വാദിക്കാന്‍ ആളുണ്ടായില്ല. ടി.എം. റഷീദ്, വിനയകുമാര്‍ അഴിപ്പുറത്ത്, പി. വേണുഗോപാല്‍, പി.വൈ. മത്തായി, ജോസ് കപ്യാര്‍മല, ജേക്കബ് ബത്തേരി, സി. അബ്ദുള്‍ റസാഖ്, തുടങ്ങിയവര്‍ സംസാരിച്ചു.