ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ പയ്യാമ്പലം ഗേള്‍സ് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന ജന്തുക്ഷേമ ബോധവല്‍ക്കരണ സെമിനാര്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. പ്രകൃതിയെ സ്‌നേഹിക്കാന്‍ പഠിക്കുകയെന്നതാണ് വര്‍ത്തമാനകാലത്തിന്റെ സന്ദേശമെന്നും നമ്മള്‍ പരസ്പരം സ്‌നേഹിച്ചാല്‍ മാത്രം പോര, ഭൂമിയിലുള്ള സര്‍വ്വ ജീവജാലങ്ങളെയും സ്‌നേഹിക്കാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു. മനുഷ്യരുടെ പ്രകൃതിചൂഷണത്തിന്റെ പരിണിതഫലമാണ് സമീപകാലത്തുണ്ടായ പ്രകൃതി ക്ഷോഭമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി നടന്ന ഫോട്ടോഗ്രാഫി മത്സരത്തില്‍ വിജയികളായ വിനയന്‍ പി നായര്‍, എം പി സുരേഷ് എന്നിവര്‍ക്കുള്ള ഉപഹാരം മന്ത്രി സമ്മാനിച്ചു. മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. വി പ്രശാന്ത്, എക്‌സ്. ഓണററി ആനിമല്‍ വെല്‍ഫെയര്‍ ഓഫീസര്‍ ഡോ. സുഷമ പ്രഭു, വന്യജീവി ഗവേഷകന്‍ റോഷ് നാഥ് രമേഷ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സെമിനാര്‍ അവതരിപ്പിച്ചു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഒ രാധ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി കെ സുരേഷ് ബാബു, ചീഫ് വെറ്റിനറി ഓഫീസര്‍ ഡോ. സി പി പ്രസാദ്, സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ. കെ മുരളീധരന്‍, പയ്യാമ്പലം ഗവ. വൊക്കേഷണല്‍ ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എ എസ് ആശ, ഹെഡ്മിസ്ട്രസ് പി പി സുനിതകുമാരി, പി ടി എ പ്രസിഡന്റ് പി വി സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments