ശക്തമായ മഴ ലഭിച്ചിട്ടും നീരൊഴുക്ക് കുറഞ്ഞു. പഴശ്ശി പദ്ധതിയുടെ ഷട്ടറുകൾ പൂർണ്ണമായും അടച്ചു


ഇരിട്ടി: കാലാവര്ഷത്തിലും തുലാവര്‍ഷത്തിലും ശക്തമായ മഴ ലഭിച്ചിട്ടും പുഴയിൽ നീരൊഴുക്ക് കുറയുകയും വെള്ളം ക്രമാതീതമായി കുറയുകയും ചെയ്തതോടെ പഴശ്ശി പദ്ധതിയുടെ ഷട്ടര്‍ അടച്ച് കുടിവെള്ള സംഭരണം തുടങ്ങി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് നീരൊഴുക്കില്‍ ഉണ്ടാകുന്ന കുറവ് ആശങ്ക ഉണ്ടാക്കിയതിനെ തുടര്‍ന്നാണ് മഴ നില്ക്കുന്നതിന് മുന്‍മ്പ് തന്നെ ഷട്ടര്‍ അടച്ച് വെള്ളം സംഭരിക്കാന്‍ തുടങ്ങിയത്.
കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രളയത്തിനും ഉരുള്‍പൊട്ടലിന് ശേഷം ഭൂമിയുടെ ജലം ആഗിരണ ശേഷി കുറഞ്ഞു വരുന്നതിന്റെ സൂചനയുണ്ടായിരുന്നു. കൂടാതെ മണ്ണും ,ചെളിയും ,കല്ലും നിറഞ്ഞു പുഴയുടെ കയങ്ങളെല്ലാം മൂടിപ്പോയതോടെ പഴശ്ശി പദ്ധതിയുടെ ഭാഗമായ പുഴയുടെ ജല സംഭരണ ശേഷി കുറയുകയും ചെയ്തു. അതുകൊണ്ടുതന്നെ രണ്ട് ദിവസം മഴ ലഭിക്കാതാകുമ്പോൾ ഭൂമി വരണ്ട് നീര്‍ച്ചാലുകള്‍ വറ്റി വരളുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. അടുത്ത ദിവസം വരെ മലയോരമേഖലയുടെ പലഭാഗങ്ങളിലും ശക്തമായ മഴയുണ്ടായിരുന്നു. ഇതോടെ നീരൊഴുക്ക് കുറഞ്ഞ് പദ്ധതിയില്‍ നിന്നുള്ള കുടിവെള്ള പദ്ധതിയുടെ പമ്പിങ്ങിനെ ബാധിക്കുമെന്ന ഘട്ടം വരെ എത്തി. വെള്ളം സംഭരിക്കണമെന്ന ജല അതോറിറ്റിയുടെ കത്തുകൂടി പരിഗണിച്ചാണ് ഷട്ടര്‍ അടച്ച് വെള്ളം സംഭരിക്കാന്‍ തീരുമാനിച്ചത്. ഷട്ടര്‍ അടയ്ക്കുമ്പോള്‍ സംഭരണിയില്‍ 12 മീറ്റര്‍ വെള്ളമാണ് ഉണ്ടായിരുന്നത്. രണ്ട് ദിവസം കൊണ്ട് അഞ്ച് മീറ്ററോളം ഉയര്‍ന്ന് 17 മീറ്ററില്‍ എത്തി. 26 മീറ്ററാണ് പദ്ധതിയുടെ സംഭരണ ശേഷി. ജില്ലയിലെ കുടിവെള്ള പദ്ധതികളില്‍ 70 ശതമാനതിനും വെള്ളം നല്‍കുന്നത് പഴശ്ശി പദ്ധതിയില്‍ നിന്നാണ്. മാഹി, കണ്ണൂര്‍, തളിപ്പറമ്പ് മേഖലകൾ കൂടാതെ മട്ടന്നൂർ വിമാനത്താവളത്തിനും കുടിവെള്ളം എത്തിക്കുന്നത് പഴശ്ശി പദ്ധതിയിൽ നിന്നാണ്.