ടൂറിസ്റ്റുകള്‍ കാട്ടിനുള്ളിലേക്ക്; വനംവകുപ്പ് കള്ളാടിയില്‍ ഗേറ്റ് സ്ഥാപിച്ചു
മേപ്പാടി: വനത്തിനുള്ളില്‍ കയറിയുള്ള സഞ്ചാരികളുടെ വിനോദം തടയുന്നതിന്റെ ഭാഗമായി വനംവകുപ്പ് കള്ളാടിയില്‍ ഗേറ്റ് സ്ഥാപിച്ചു. കള്ളാടി-അരുണമല റോഡില്‍ എസ് വളവിലാണ് കഴിഞ്ഞ ദിവസം ഗേറ്റ് സ്ഥാപിച്ചത്. പ്രളയത്തിന് ശേഷം കള്ളാടിയിലെ തൊള്ളായിരം, അരുണമല വനത്തിനുള്ളില്‍ വന്‍തോതില്‍ ടൂറിസ്റ്റുകള്‍ എത്തുന്നത് പതിവായിരുന്നു. ഇരുചക്ര വാഹനങ്ങളിലും സ്വകാര്യ വാഹനങ്ങളിലും ടാക്സി ജീപ്പുകളിലും ഇവിടെയെത്തിയിരുന്ന വിനോദസഞ്ചാരികള്‍ അരുണമല കോളനിയിലെ പ്രാക്തന ഗോത്രവിഭാഗക്കാര്‍ക്ക് ശല്യമായതോടെ അവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. വനത്തില്‍ കയറുന്ന വിനോദസഞ്ചാരികളെ വനംവകുപ്പുദ്യോഗസ്ഥര്‍ പറഞ്ഞുവിടാറുണ്ടായിരുന്നെങ്കിലും പൂര്‍ണമായും നിയന്ത്രിക്കാനായിരുന്നില്ല. ഈ സാഹചര്യത്തിലാണ് വനപാതയില്‍ ഗേറ്റ് സ്ഥാപിച്ചത്.
ഓഗസ്റ്റ് ആദ്യവാരമുണ്ടായ പ്രളയക്കെടുതിയില്‍ ടൂറിസ്റ്റ് കേന്ദ്രമായ തൊള്ളായിരംകണ്ടിയിലേക്കുള്ള വനപാത തകര്‍ന്നിരുന്നു. സ്വകാര്യ തോട്ടമുടമകളും റിസോര്‍ട്ടുടമകളും റോഡ് നന്നാക്കാന്‍ ശ്രമിച്ചെങ്കിലും ഗതാഗതയോഗ്യമായിട്ടില്ല. ഇതിന് ശേഷമാണ് കള്ളാടി അയ്യപ്പക്ഷേത്രത്തിന് സമീപത്ത് നിന്ന് അരുണമല കോളനിയിലേക്ക് പോകുന്ന റോഡുവഴി കുന്നിന്‍മുകളിലെത്തി ടൂറിസ്റ്റുകള്‍ വനത്തിനുള്ളില്‍ കയറാന്‍ തുടങ്ങിയത്. അരുണമല വ്യൂപോയന്റ് എന്ന പേരില്‍ സാമൂഹികമാധ്യമങ്ങളിലും മറ്റും വാര്‍ത്തകളും ചിത്രങ്ങളും പ്രചരിച്ചതോടെ ഇവിടത്തേക്ക് ധാരാളം ടൂറിസ്റ്റുകളാണ് എത്തിയത്.
പ്രാക്തന ഗോത്രത്തില്‍പ്പെട്ട കാട്ടുനായ്ക്ക വിഭാഗം താമസിക്കുന്ന അരുണമല കോളനിയില്‍ 53 കുടുംബങ്ങളാണുള്ളത്. ഇവര്‍ക്ക് സ്വന്തമായി 78 ഹെക്ടറോളം കൃഷിയിടമുണ്ട്. മാത്രമല്ല വനാവകാശ നിയമപ്രകാരം വനവിഭവങ്ങള്‍ ശേഖരിക്കാനും മേച്ചില്‍പ്പുറമായും ഏകദേശം രണ്ടായിരം ഏക്കര്‍ വനഭൂമി ഇവിടെയുണ്ട്. ഈ ഭൂമിയിലാണ് ടൂറിസ്റ്റുകള്‍ കടന്നുകയറുന്നത്. മേപ്പാടി-ചൂരല്‍മല റോഡില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ ദൂരത്താണ് ഗേറ്റ് സ്ഥാപിച്ചത്. നിരവധി കുടുംബങ്ങള്‍ താമസിക്കുന്നതിനാല്‍ റോഡ് തുടങ്ങുന്ന പ്രദേശത്ത് ഗേറ്റ് സ്ഥാപിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. നവംബര്‍ ഒന്നോടെ ഗേറ്റ് പൂട്ടിയിടാനാണ് വനംവകുപ്പ് തീരുമാനം.
കോളനിയും സ്വാകാര്യതോട്ടങ്ങളും തടസ്സം
കള്ളാടി വനമേഖലയില്‍ അരുണമല കോളനിയും സ്വകാര്യവ്യക്തികളുടെ തോട്ടങ്ങളുമുള്ളതാണ് ഗേറ്റ് സ്ഥാപിക്കാന്‍ ഇത്രയും വൈകിയത്. നേരത്തേ ഗേറ്റുണ്ടായിരുന്നെങ്കിലും നശിച്ച നിലയിലായിരുന്നു. ഗേറ്റ് സ്ഥാപിച്ചാല്‍ അരുണമല കോളനിയിലെയും രണ്ട് സ്വകാര്യ തോട്ടങ്ങളിലെയും ആളുകള്‍ക്ക് ഇതുവഴി വാഹനങ്ങള്‍ കൊണ്ടുപോകാനാവില്ല. അവര്‍ക്ക് താക്കോല്‍ നല്‍കി സ്ഥിരമായി അടച്ചിടാനാണ് ആലോചിക്കുന്നത്. വിനോദസഞ്ചാരികള്‍ പോകുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ തടയാറുണ്ട്. ടാക്സി ജീപ്പുകള്‍ ഒരാഴ്ച മുമ്ബുതന്നെ തടഞ്ഞിരുന്നു.
0 Comments