പൊട്ടിപ്പൊളിഞ്ഞ് തോട്ടട -കിഴുന്നപ്പാറ റോഡ്





എടക്കാട്: തകര്‍ന്നുകിടക്കുന്ന തോട്ടട -കിഴുന്നപ്പാറ റോഡ് ഗതാഗതയോഗ്യമാക്കാത്തതില്‍ വ്യാപക പ്രതിഷേധം. അമൃത് പദ്ധതിക്ക് കുടിവെള്ള പൈപ്പിടാനായി കീറിയ റോഡ് ഒരുവര്‍ഷത്തോളമായി ടാറിടാത്തത് പൊതുമരാമത്ത് വിഭാഗത്തിന്റെ കഴിവുകേടാണെന്ന് ആക്ഷേപമുയര്‍ന്നു.

തോട്ടട മുതല്‍ കുറ്റിക്കകം മുനമ്ബ് വരെ റോഡ് പൊട്ടിപ്പൊളിഞ്ഞുകിടക്കുകയാണ്. തോട്ടട, ഏഴര, കിഴുന്ന ബീച്ച്‌ എന്നിവിടങ്ങളിലേക്കുള്ള വിനോദസഞ്ചാരികളും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. തോട്ടട അഭയനികേതന്‍, കിഴുന്ന, കുറ്റിക്കകം ഉറുമ്ബച്ചന്‍ കോട്ടത്തിന് സമീപം, ഉദയമംഗലം ക്ഷേത്രത്തിന് മുന്‍വശം എന്നിവിടങ്ങളിലെല്ലാം വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ചിലയിടങ്ങളില്‍ മെറ്റല്‍ വിരിച്ചെങ്കിലും ഇളകികിടക്കുകയാണ്. ഇ.എസ്.ഐ. ആസ്പത്രി, ആശ്രയം സ്പെഷ്യല്‍ സ്കൂള്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി തുടങ്ങിയ സ്ഥാപനങ്ങളിലേക്കുള്ള റോഡാണിത്. സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ കാല്‍നടയാത്രചെയ്യാന്‍ പോലും വിഷമിക്കുകയാണിപ്പോള്‍.

നബാര്‍ഡിന്റെ സാമ്ബത്തികസഹായത്തോടെ അഞ്ചുകോടി രൂപ ചെലവഴിച്ചുള്ള റോഡ് നവീകരണം ഏറെക്കുറെ പൂര്‍ത്തിയായപ്പോഴാണ് അമൃത് പദ്ധതിക്കായി കുടിവെള്ള പൈപ്പിടല്‍ തുടങ്ങിയത്. തോട്ടട മുതല്‍ കുറ്റിക്കകംവരെ റോഡിന്റെ മധ്യഭാഗത്താണ് കുഴിയെടുത്ത് പൈപ്പിട്ടത്. പൈപ്പ് സ്ഥാപിക്കാന്‍ റോഡ് കീറിയവകയില്‍ വാട്ടര്‍ അതോറിറ്റി പി.ഡബ്ല്യു.ഡി.ക്ക് പരിഹാരത്തുക കൈമാറിയിരുന്നു. എന്നാല്‍ റോഡ് ഗതാഗതയോഗ്യമാക്കിയില്ല.

ഏഴ് ബസ്സുകള്‍ ഈ റൂട്ടില്‍ ഓടുന്നുണ്ട്. തകര്‍ന്ന റോഡിലൂടെയുള്ള യാത്ര വലിയ സാമ്ബത്തികനഷ്ടമാണ് ഉണ്ടാക്കുന്നതെന്ന് ബസ്സുടമകള്‍ പറയുന്നു. ചില സമയങ്ങളില്‍ ബസ്സുകള്‍ ട്രിപ്പ് മുടക്കുന്നു. ഓട്ടോറിക്ഷകളും ഓടാന്‍ മടിക്കുന്നു. യാത്രാദുരിതത്തിന് പരിഹാരംകാണാന്‍ ബന്ധപ്പെട്ടവരാരും ശ്രമിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

ബസ്സുകള്‍ ഇന്ന് ഓട്ടം നിര്‍ത്തും

റോഡ് ഗതാഗതയോഗ്യമാക്കാത്തതില്‍ പ്രതിഷേധിച്ച്‌ തോട്ടട-കിഴുന്നപ്പാറ റൂട്ടിലോടുന്ന സ്വകാര്യബസ്സുകള്‍ ചൊവ്വാഴ്ച സൂചനാ പണിമുടക്ക് നടത്തും. ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പണിമുടക്ക്.