സൗദിയും യുഎഇയും സന്ദര്‍ശിക്കാന്‍ ഒറ്റവിസ; 2020 മുതല്‍ പ്രാബല്യത്തില്‍


ജിദ്ദ: ഒരേ വിസയില്‍ തന്നെ സഊദിയിലേക്കും യു.എ.ഇയിലേക്കും സന്ദര്‍ശനം നടത്താനാവുന്ന വിസ സംവിധാനം വരുന്നു. പദ്ധതി പ്രാബല്യത്തില്‍ വന്നാല്‍ സഊദിയില്‍ എത്തുന്നവര്‍ക്ക് യു.എഇയിലേക്കും യു.എഇയില്‍ എത്തുന്നവര്‍ക്ക് സഊദിയിലേക്കും ഒരേ വിസിറ്റ് വിസയില്‍ സഞ്ചരിക്കാം. അടുത്ത വര്‍ഷം മുതല്‍ ആരംഭിക്കാനുള്ള പദ്ധതി തയ്യാറായതായി യു.എഇ ധനകാര്യമന്ത്രി സുല്‍ത്താന്‍ അല്‍ മന്‍സൂരി അറിയിച്ചു.

സഊദി- യു.എ.ഇ ജോയിന്റ് വിസ സംവിധാനം 2020 മുതല്‍ നിലവില്‍ വരുമെന്നാണു മന്ത്രി അറിയിച്ചത്.
ടൂറിസം മേഖലയിലെ സംയോജിത പ്രവര്‍ത്തനങ്ങള്‍ സമ്ബദ് വ്യവസ്ഥക്ക് ഗുണപരമാകുമെന്ന് ജി.സി.സി രാജ്യങ്ങളിലെ ടൂറിസം മേധാവികളുടെ യോഗത്തില്‍ സൗദി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിറകെയാണ് സുല്‍ത്താന്‍ അല്‍ മന്‍സൂരി സൗദിയുമായി ചേര്‍ന്ന് സംയുക്ത വിസ സമ്ബ്രദായം നടപ്പിലാക്കുന്ന കാര്യം വെളിപ്പെടുത്തിയത്.

പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ സൗദി സന്ദര്‍ശിക്കുന്നവര്‍ക്ക് യു.എ.ഇയും, യു.എ.ഇ സന്ദര്‍ശിക്കുന്നവര്‍ക്ക് സൗദിയും സന്ദര്‍ശിക്കാന്‍ അനുമതിയുണ്ടാകും. 2020ല്‍ തന്നെ പദ്ധതി നടപ്പിലാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇതിനായി ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ക്കിടയില്‍ സംയുക്ത യോഗങ്ങളും ചര്‍ച്ചകളും നടന്നുവരികയാണ്. ഇരു രാജ്യങ്ങളിലേയും ദേശീയ വിമാന കമ്ബനികള്‍ക്ക് നേട്ടമാകും വിധത്തില്‍ വിമാന സര്‍വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുവാനും ടൂറിസം-ഹോട്ടല്‍ മേഖലകള്‍ക്ക് പുത്തനുണര്‍വ്വേകാനും പദ്ധതി സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.