പ്ലാസ്റ്റിക്ക് നിരോധനം: വീടുകളിലേക്ക്
തദ്ദേശസ്ഥാപന അധ്യക്ഷന്മാരുടെ കത്തുകളെത്തും
ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന സമ്പൂര്‍ണ്ണ പ്ലാസ്റ്റിക്ക് നിരോധനത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ വീടുകളിലേക്കും തദ്ദേശസ്ഥാപന അധ്യക്ഷന്മാരുടെ സന്ദേശമെത്തിക്കും. ഹരിതകേരള മിഷന്‍ കണ്ണൂരിന്റ ആഭിമുഖ്യത്തില്‍ നടന്ന തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. നിരോധിച്ച പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളെക്കുറിച്ചും ബദല്‍ സംവിധാനങ്ങളെക്കുറിച്ചുമുള്ള ഉള്ളടക്കത്തോടെയാവും കത്തുകള്‍. ഇതിന് പുറമെ നിരോധിച്ച പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ എക്‌സിബിഷന്‍ ഡിസംബര്‍ അഞ്ചിനകം എല്ലാ തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിലും നടത്തണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് പറഞ്ഞു. അഞ്ചിനകം തന്നെ പ്ലാസ്റ്റിക്ക് നിരോധനവുമായി ബന്ധപ്പട്ട് വ്യാപാരികള്‍ ഉള്‍പ്പടെ വിവിധ മേഖലയിലുള്ളവരുടെ യോഗം തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ക്കണം.തുടര്‍ന്ന് 15നകം വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് കുടുംബയോഗങ്ങള്‍, 30 വരെ തദ്ദേശസ്ഥാപന പരിധിയില്‍ നിരോധനം സംബന്ധിച്ച് മൈക്ക് അനൗണ്‍സ്‌മെന്റ് എന്നിവ സംഘടിപ്പിക്കണമെന്നും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് നിര്‍ദ്ദേശിച്ചു.
മാലിന്യ നിര്‍മ്മാര്‍ജനത്തിന് പകരം മാലിന്യം ഉണ്ടാകാതെ നോക്കാനാണ് ശ്രമിക്കേണ്ടതെന്ന് യോഗത്തില്‍ മുഖ്യാതിഥിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അഭിപ്രായപ്പെട്ടു. പ്ലാസ്റ്റിക്ക് നിരോധനം വരുമ്പോള്‍ ബദല്‍ മാര്‍ഗ്ഗം ഉടന്‍ കണ്ടെത്തേണ്ടതുണ്ട്. പേപ്പര്‍ ബാഗിന് പകരം തുണിസഞ്ചി വ്യാപിപ്പിക്കാന്‍ ശ്രമം ഉണ്ടാകണം. പ്ലാസ്റ്റിക്ക് നിരോധനത്തിന് തുടക്കം കുറിച്ച ജില്ലയെന്ന നിലയില്‍ ബദല്‍ മാര്‍ഗമായ തുണി സഞ്ചിയില്‍ കണ്ണൂരിന്റെതായ ബ്രാന്‍ഡ് ഉണ്ടാക്കിയെടുക്കാന്‍ നമുക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്ലാസ്റ്റിക്ക് നിരോധനത്തിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കിയെടുക്കുകയാണ് വേണ്ടതെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.
ബദല്‍ സംവിധാനമായി കണ്ടെത്തുന്ന തുണിസഞ്ചികളുടെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും ഇതിനാവശ്യമായ ഫണ്ടിനെക്കുറിച്ച് തദ്ദേശസ്ഥാപന അധ്യക്ഷന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ശില്‍പ്പശാലയില്‍ ആവശ്യമുയര്‍ന്നു. വ്യാപാരികളെ ഉള്‍പ്പെടുത്തിതന്നെ തുണിസഞ്ചി നിര്‍മ്മാണം ആരംഭിക്കണമെന്നും ജില്ലയിലെ ഏതാനും പഞ്ചായത്തുകളില്‍ ഇത്തരത്തില്‍ നടപ്പാക്കിയ പദ്ധതികള്‍ വിജയം കണ്ടിട്ടുണ്ടെന്നും തദ്ദേശസ്വയം ഭരണസ്ഥാപന അധ്യക്ഷന്മാര്‍ യോഗത്തില്‍ അറിയിച്ചു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ഡിസംബര്‍ എട്ട് ഹരിതകേരളം വാര്‍ഷികദിനത്തിന്റെ ഭാഗമായി നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഹരിതകേരള മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരനും വരള്‍ച്ചനേരിടാനുള്ള ജലസംരക്ഷണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ കെ എം രാമകൃഷ്ണനും, ശുചിത്വരംഗത്തെ അടിയന്തിര പ്രവര്‍ത്തനങ്ങളെക്കുറിച്ച് ശുചിത്വ മിഷന്‍ ജില്ലാ കോ ഒാര്‍ഡിനേറ്റര്‍ കെ എം അഭിജിത്ത്, ദേശീയ ഹരിതട്രിബ്യൂണല്‍ മാനദണ്ഡങ്ങളെക്കുറിച്ച് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ടി ജെ അരുണ്‍ എന്നിവര്‍ സംസാരിച്ചു.
0 Comments