യുഎപിഎ അറസ്റ്റ് : അലനും താഹയും ഇന്ന് ഹൈക്കോടതിയില്‍



കൊച്ചി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ പൊലീസ് അറസ്റ്റ് ചെയ്ത അലനും താഹയും ഇന്ന് ഹൈക്കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കും. ജാമ്യാപേക്ഷ തള്ളിയ കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിവിധി ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിക്കുന്നത്.

ഇന്ന് തന്നെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കും. പ്രഥമദൃഷ്ട്യ കുറ്റം നിലനില്‍ക്കുമെന്ന് കണ്ടെത്തിയാണ് കീഴ് കോടതി ജാമ്യം നിഷേധിച്ചത്. അതേസമയം കേസ് കെട്ടിചമച്ചതാണന്നാണ് ഹര്‍ജിക്കാരുടെ വാദം.

എന്നാല്‍ മഞ്ചിക്കണ്ടി വനമേഖലയില്‍ നിന്ന് കണ്ടെടുത്ത ലഘുലേഖയും അലന്‍റെയും താഹയുടേയും വീട്ടില്‍ വിന്ന് കണ്ടെടുത്ത ലഘുലേഖകളും തമ്മില്‍ സാമ്യമുള്ളത് ഗൗരവമുള്ള സംഗതിയാണെന്നാണ് അന്വേഷണസംഘം പറയുന്നത്. അതുകൊണ്ട് തന്നെ അറസ്റ്റിലായവരെ കൊണ്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലെത്തിച്ച്‌ തെളിവെടുപ്പ് നടത്താനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണസംഘം.

കസ്റ്റഡിയില്‍ വാങ്ങാനായി അന്വേഷണസംഘം അപേക്ഷ നല്‍കി. രക്ഷപ്പെട്ട മൂന്നാമനായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു. പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിച്ച്‌ യുഎപിഎ കേസ് സ്ഥാപിക്കാനാണ് പൊലീസ് ശ്രമം.