റോഡ് തകര്‍ച്ച: കൂനം-കണ്ണാടിപ്പാറ റൂട്ടില്‍ അഞ്ചാമത്തെ ബസ്സും ഓട്ടം നിര്‍ത്തി




തളിപ്പറമ്ബ്: കൂനം-കണ്ണാടിപ്പാറ ഭാഗത്തേക്കുള്ള ബസ്സോട്ടം നിലച്ചു. റോഡ് തകര്‍ച്ചയാണ് നാട്ടുകാര്‍ക്ക് ദുരിതമായിരിക്കുന്നത്. അഞ്ചു ബസ്സുകള്‍ സര്‍വീസ് നടത്തിയിരുന്ന ഈ റൂട്ടില്‍ നാലു ബസ്സുകള്‍ നേരത്തേ ഓട്ടം മതിയാക്കിയിരുന്നു. നാട്ടുകാര്‍ക്ക് ആശ്വാസമായി ഓടിയിരുന്ന അഞ്ചാമത് ബസ് മൂന്നുദിവസം മുന്‍പ് ഓട്ടം നിര്‍ത്തിയതോടെ യാത്രക്കാര്‍ പെരുവഴിയിലായി.

30 വര്‍ഷത്തോളമായി ബസ് സര്‍വീസുള്ള ഈ റൂട്ടില്‍ ആദ്യമായാണ് ഇത്തരമൊരവസ്ഥയെന്ന് നാട്ടുകാര്‍ പറഞ്ഞു. പൊക്കുണ്ടില്‍നിന്ന്‌ കൂനം-കുളത്തൂര്‍-കണ്ണാടിപ്പാറ റോഡ് 10 കിലോമീറ്ററിലേറെ തകര്‍ന്നത് നേരത്തേതന്നെ ഏറെ പ്രക്ഷോഭങ്ങള്‍ക്കിടയാക്കിയിരുന്നു. കുറുമാത്തൂര്‍ ഗ്രാമപ്പഞ്ചായത്തോഫീസ് ഉള്‍പ്പെടെ ഉപരോധിച്ച്‌ സമരം നടത്തുകയുണ്ടായി.
ഇതിനിടെ പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക്‌ യോജന പദ്ധതിയിലുള്‍പ്പെടുത്തി റോഡ് മെക്കാഡം ചെയ്യാന്‍ പദ്ധതിയായി. 8.91 കോടി രൂപയുടേതാണ് പദ്ധതി. 2018-ല്‍ പ്രവൃത്തിയുദ്ഘാടനവും നടന്നു. തുടര്‍ന്ന് നാല് കിലോമീറ്റര്‍ ടാര്‍ ചെയ്തതതൊഴിച്ചാല്‍ കൂനം-പൊക്കുണ്ട് ഭാഗം മുഴുവനും ഇപ്പോള്‍ തകര്‍ന്നുകിടക്കുകയാണ്. കൊളത്തൂര്‍ ഭാഗത്ത് ഒരുകിലോമീറ്ററോളം റോഡില്‍ കരിങ്കല്‍ കുഴിച്ചിട്ടത് ഇളകിത്തെറിച്ച നിലയിലാണ്. കൂനത്തുള്ള കുറുമാത്തൂര്‍ ഐ.ടി.എ.യിലേക്കുള്ള വിദ്യാര്‍ഥികളും കൂനം, കുളത്തൂര്‍, കണ്ണാടിപ്പാറ ഭാഗങ്ങളില്‍നിന്നും വിവിധ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാരും ഇപ്പോള്‍ നടന്നാണ് പോകാറ്.

കുറുമാത്തൂര്‍ പൊക്കുണ്ടില്‍നിന്ന്‌ മൂന്നുകിലോമീറ്റര്‍ നടന്നുവേണം ഐ.ടി.ഐ.യിലെത്താന്‍. ഒാട്ടോറിക്ഷ ഇതുവഴി ഓടാന്‍ മടിക്കുന്നു. ലോറികളില്‍ കയറിയും മറ്റുമാണ് നാട്ടുകാരില്‍ പലരും ചില വിദ്യാര്‍ഥികളും ലക്ഷ്യസ്ഥാനങ്ങളിലെത്താറ്. തളിപ്പറമ്ബ്, ഇരിക്കൂര്‍ നിയോജകമണ്ഡലങ്ങളിലുള്‍പ്പെടുന്ന റോഡാണിത്. റോഡ് പുനരുദ്ധാരണം നടത്തി ഗതാഗതപ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാര്‍.