കരിവെള്ളൂർ:നെൽപ്പാടത്തിന് നടുവിൽ മൂന്ന് കിടപ്പുമുറികളോടുകൂടിയ മനോഹരമായ വീട്. ഗ്രാന്മ എന്ന് പേര്. കുടുംബസ്വത്തായി വീട് ഭാഗിച്ചുകിട്ടിയപ്പോൾ വാടകയ്ക്ക് നൽകാൻ ഗ്രാൻമയുടെ ഉടമ പിലാത്തറ പെരിയാട്ടെ റിട്ട. അധ്യാപകൻ ടി.കെ.രത്നാകരന് മനസ്സുവന്നില്ല. 10 ലക്ഷത്തോളം രൂപ ചെലവഴിച്ച് വീട് നവീകരിച്ച് കരിവെള്ളൂരിലെ സൗഹൃദ കൂട്ടായ്മയായ വീടകം സംവാദവേദിക്ക് നൽകി.


ഈ വീടിന്റെ ചുമരുകൾക്കുള്ളിൽ ഇനി ഉയരുന്നത് സാഹിത്യ ചർച്ചകൾ. എഴുത്തിനെ സ്നേഹിക്കുന്നവർക്കെല്ലാം ചർച്ചയിൽ പങ്കെടുക്കാം. മലയാള സാഹിത്യത്തിൽ ഇതിനു മുൻപും ഗ്രാന്മ സ്ഥാനംപിടിച്ചിട്ടുണ്ട്. ഈ വീട്ടിൽ താമസിച്ചാണ് വർഷങ്ങൾക്ക് മുൻപ് കവി എ.അയ്യപ്പൻ, ജോർജ് എലിയട്ടിന്റെ 'ദി മിൽ ഓൺ ദി ഫ്ലോസ്' എന്ന ഇംഗ്ലീഷ് ഗ്രന്ഥം പുഴക്കരയിലെ മില്ല് എന്ന പേരിൽ വിവർത്തനംചെയ്തത്.

രത്നാകരനൊപ്പം കണ്ണൂർ ദിനേശ് ബീഡി സെക്രട്ടറി കരിമ്പിൽ പ്രഭാകരൻ, കരിവെള്ളൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി എം.ശശിമോഹനൻ, റിട്ട. പോളി അധ്യാപകനായ പി.വി.ചന്ദ്രൻ തുടങ്ങി 25 അംഗങ്ങളുടെ കൂട്ടായ്മയാണ് വീടകം സംവാദവേദി. സാഹിത്യത്തിനുപുറമെ രാഷട്രീയം, സംസ്കാരം, കൃഷി എന്നീ വിഷയങ്ങളിലും ഗ്രാന്മയിൽ ചർച്ചകൾ സംഘടിപ്പിക്കും.

വീടകത്തിന്റെ ആദ്യചർച്ച ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തെക്കുറിച്ച് നടന്നു. സംവാദം നടക്കുമ്പോൾത്തന്നെ ഖസാക്കിലെ കഥാപാത്രങ്ങൾക്ക് ചിത്രകാരനും ശില്പിയുമായ സുരേന്ദ്രൻ കൂക്കാനം ചിത്രഭാഷ്യം നൽകി. രവിയും മൈമൂനയും മുല്ലാക്കയും അപ്പുക്കിളിയും കൂമൻകാവ് ബസ് സ്റ്റോപ്പും കാൻവാസിൽ വിരിഞ്ഞപ്പോൾ സാഹിത്യചർച്ച വേറിട്ടതായി. ടി.കെ.രത്നാകരൻ അധ്യക്ഷതവഹിച്ചു.


എം.ശശിമോഹനൻ, പ്രൊഫ. കെ.ജനാർദനൻ, പി.വി.നിഷാന്ത്, പി.വി.ജി.നിടുവപ്പുറം, കെ.പ്രഭാകരൻ, ടി.കെ.സതീശൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. പി.വി.ചന്ദ്രൻ സ്വാഗതം പറഞ്ഞു.