മുംബൈ: മഹാരാഷ്ട്രയിൽ നിലനിൽക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് ശിവസേന-എൻസിപി-കോൺഗ്രസ് പാർട്ടികൾ തമ്മിൽ സമാവയത്തിലെത്തിയതായി റിപ്പോർട്ട്. ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കുന്ന കാര്യത്തിൽ രാഷ്ട്രീയ കക്ഷികൾ തമ്മിൽ ധാരണയിലെത്തി. മൂന്നു കക്ഷികളുമായുള്ള യോഗത്തിനു ശേഷം എൻസിപി അധ്യക്ഷൻ ശരദ് പവാർ ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകുന്ന കാര്യത്തിൽ എല്ലാ കക്ഷികളും തമ്മിൽ അഭിപ്രായ ഐക്യത്തിൽ എത്തിയതായി ശരദ് പവാർ മാധ്യമങ്ങളോട് പറഞ്ഞു. ഗവർണറെ കാണുന്ന കാര്യത്തിൽ ശനിയാഴ്ച തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ രൂപവത്കരണത്തിലേയ്ക്ക് കാര്യങ്ങൾ നീങ്ങുന്ന പശ്ചാത്തലത്തിൽ ഡൽഹിയിൽ നടക്കുന്ന രാഷ്ട്രപതിയുടെ യോഗത്തിൽ പങ്കെടുക്കാതെ ഗവർണർ ഭഗത് സിങ് ഖോഷ്യാരി ഡൽഹിയിൽ തുടരുന്നതായാണ് റിപ്പോർട്ട്.
ഇന്നു നടന്ന ചർച്ചകൾ ഫലപ്രദമായിരുന്നെന്ന് ഉദ്ധവ് താക്കറെ പ്രതികരിച്ചു. എല്ലാ കക്ഷികളും ചേർന്ന് ശനിയാഴ്ച പത്രസമ്മേളനം നടത്തുന്നുണ്ട്. ഇതിനു ശേഷം ഒട്ടും വൈകാതെ സർക്കാർ രൂപീകരണത്തിനായി ഗവർണറെ കാണുമെന്ന് എൻസിപി വക്താവ് നവാബ് മാലിക് പറഞ്ഞു.
സർക്കാർ രൂപവത്കരണത്തിനൊരുങ്ങുന്ന ശിവസേന-എൻ.സി.പി-കോൺഗ്രസ് സഖ്യത്തിന് മഹാരാഷ്ട്രാ വികാസ് അഘാടി എന്നാണ് പേരു നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിപദം പങ്കുവെക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ യോജിപ്പിലെത്താൻ സാധിക്കാത്തതിനെ തുടർന്നാണ് ബി.ജെ.പി- ശിവസേനാ സഖ്യം തകർന്നത്.

0 Comments