വോട്ടര്‍പട്ടികയിലെ വിവരങ്ങളുടെ കൃത്യത ഉറപ്പാക്കാന്‍ നടത്തുന്ന ഇലക്‌ടേഴ്‌സ് വെരിഫിക്കേഷന്‍ പ്രോഗ്രാമുമായി ( ഇ വി പി) ബന്ധപ്പെട്ട ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കുകയോ വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിക്കുകയോ ചെയ്യുന്ന ബിഎല്‍ഒമാര്‍ക്കെതിരെ നടപടി തുടങ്ങി. 1950 ലെ ജനപ്രാതിനിധ്യ നിയമത്തിലെ 32 ാം വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ നടപടികള്‍ കൈക്കൊള്ളുക. ഇ വി പി പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും മറ്റും മറ്റുള്ളവരെ പ്രേരിപ്പിച്ചതായി കണ്ടെത്തിയ ഒരു ബിഎല്‍ഒയെ പുറത്താക്കാനും ഇതു സംബന്ധിച്ച് ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇലക്ഷന്‍ ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു. പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ബിഎല്‍ഒമാര്‍ക്ക് നടപടിയുടെ ഭാഗമായി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും.
ഇ വി പി പ്രവര്‍ത്തനം നവംബര്‍ 30 നകം പൂര്‍ത്തിയാക്കാനാവശ്യമായ ശക്തമായ ഇടപെടല്‍ തഹസില്‍ദാര്‍മാരുടെയും ജില്ലാ ഇലക്ഷന്‍ വിഭാഗത്തിന്റെയും മേല്‍നോട്ടത്തില്‍ നടത്താനും തീരുമാനിച്ചു. അങ്കണവാടി ജീവനക്കാര്‍ക്ക് സാമൂഹ്യ നീതി വകുപ്പ് നല്‍കിയ സ്മാര്‍ട്ട്‌ഫോണ്‍ ഇവിപി പ്രവര്‍ത്തനത്തിന് ഉപയോഗിക്കാന്‍ അനുവദിക്കുന്നതിനായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ശുപാര്‍ശ അയച്ചതായി ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ പി കെ ബാബു യോഗത്തില്‍ അറിയിച്ചു.
വോട്ടര്‍പട്ടികയിലെ വിവിരങ്ങള്‍ കൃത്യമാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്താനും പിശകുകള്‍ തിരുത്താനുമുളള അവസരം നല്‍കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇലക്‌ടേഴ്‌സ് വെരിഫിക്കേഷന്‍ നടത്തുന്നത്. പഴയ ഫോട്ടോ മാറ്റി പുതിയ ഫോട്ടോ ചേര്‍ക്കാനും ഈ അവസരത്തില്‍ വോട്ടര്‍മാര്‍ക്ക് സാധിക്കും. നവംബര്‍ 30 വരെയാണ് ഇതിന് അവസരമുള്ളത്. യോഗത്തില്‍ ജില്ലയിലെ തഹസില്‍ദാര്‍മാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍ എന്നിവരും പങ്കൈടുത്തു.