ഇരിട്ടി: കഴിഞ്ഞ കാലവർഷത്തിൽ കുന്നിടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ട തലശ്ശേരി - വളവുപാറ റോഡിലെ കേളൻപീടികക്ക് സമീപത്തെ മണ്ണ് നീക്കം ചെയ്യൽ പ്രവർത്തി ആരംഭിച്ചു . ഇതോടൊപ്പം മണ്ണിടിച്ചിൽ ഭീഷണി ശാശ്വതമായി പരിഹരിക്കുന്നതിനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.
കെ എസ് ടി പി റോഡ് പുനർനിർമാണത്തിന്റെ ഭാഗമായാണ് കുന്നോത്ത് കേളൻ പീടികക്ക് സമീപം റോഡിലെ വളവു നിവർത്തുന്നതിനായി ഇരുപതു മീറ്ററോളം ഉയരത്തിലുള്ള കുന്ന് കുത്തനെ ഇടിച്ചത്. കഴിഞ്ഞ രണ്ടു കാലാവര്ഷത്തിലും ഇവിടെ നിന്നും മണ്ണിടിഞ്ഞുവീണ് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഈ വര്ഷം വൻ ഇടിച്ചിലാണ് ഇവിടെ ഉണ്ടായിരുന്നത്. രണ്ടു മാസം മുൻപ് ഇടിഞ്ഞുവീണ മണ്ണ് മഴ മാറിയിട്ടും ഇതുവരെ നീക്കം ചെയ്തിരുന്നില്ല. വീണ്ടും കുന്നിൽ നിന്നും മണ്ണിടിഞ്ഞുവീഴാനുള്ള സാദ്ധ്യത ഉള്ളതിനാലായിരുന്നു ഇത്. ഇതുവഴിയുള്ള ഗതാഗതം പഴയ റോഡ് വഴി തിരിച്ചു വിടുകയായിരുന്നു ചെയ്തിരുന്നത്.
മണ്ണിടിച്ചിലിന് ശാശ്വത പരിഹാരം കാണുക എന്ന ലഷ്യത്തോടെ കെ എസ് ടി പി അധികൃതർ സ്ഥലം ഉടമയുമായുണ്ടാക്കിയ ധാരണപ്രകാരമാണ് ഇപ്പോൾ ഇവിടെ മണ്ണ് നീക്കൽ പ്രവർത്തി നടക്കുന്നത്. കുന്നിന്റെ രണ്ട് മീറ്റർ കഴിച്ചുള്ള ഭാഗം കെ എസ് ടി പി സ്വന്തം ചിലവിൽ ഇടിച്ചു നിരപ്പാക്കി നൽകും. ഇതോടെ മണ്ണിടിച്ചിലില്ലാത്ത അപകട രഹിതമായ മേഖലയായി ഇവിടം മാറ്റാൻ കഴിയും.
ഇതുപോലെ കുന്നുകൾ ചെത്തിയിറക്കിയ നിരവധി മേഖലകൾ ഈ റോഡിൽ ഉണ്ട് . അവിടങ്ങളിലെല്ലാം സ്ഥലത്തിന്റെ പ്രത്യേകത അനുസരിച്ച് ഗ്യാബിയോൺ ഭിത്തി, കോൺക്രീറ്റ് സംരംക്ഷണ ഭിത്തി, രാമച്ച ഭിത്തി തുടങ്ങിയ സംരക്ഷണ മാർഗ്ഗങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഡിസംബർ 31 ന് മുൻപ് തന്നെ തലശ്ശേരി - വളവുപാറ റോഡിലെ രണ്ടാം റീച്ചായ കളറോഡ് - വളവുപാറ റോഡിന്റെ പ്രവർത്തികൾ പൂർത്തിയാകും. എന്നാൽ കർണ്ണാടക വനം വകുപ്പിന്റെ തടസ്സവാദം മൂലം പ്രവർത്തി നിലച്ച കൂട്ടുപുഴ പാലത്തിന്റെയും നിർമ്മാണ പ്രവർത്തി പുരോഗമിച്ചു വരുന്ന ഇരിട്ടി പാലത്തിന്റേയും നിർമ്മാണം പൂർത്തിയാകാൻ ഇനിയും മാസങ്ങൾ വേണ്ടിവരും.

0 Comments