കുന്നിടിഞ്ഞുള്ള അപകടഭീഷണി; കുന്നോത്ത് കേളന്‍പീടികയില്‍ കുന്ന് നിരപ്പാക്കല്‍ പ്രവൃത്തി തുടങ്ങി
ഇരിട്ടി: തലശ്ശേരി-വളവുപാറ അന്തസ്സംസ്ഥാനപാതയില്‍ കുന്നോത്ത് കേളന്‍പീടികയില്‍ കുന്നിടിഞ്ഞുള്ള അപകടഭീഷണി തടയാന്‍ കുന്ന് നിരപ്പാക്കല്‍ പ്രവൃത്തി തുടങ്ങി. കഴിഞ്ഞ പ്രളയസമയത്ത് കുന്നിടിഞ്ഞുവീണ് അന്തസ്സംസ്ഥാനപാതയില്‍ ഗതാഗതം വഴിതിരിച്ചുവിട്ടിരുന്നു.
17 മീറ്ററോളം ഉയരത്തിലുള്ള കുന്നാണ് റോഡിലേക്ക് ഇടിഞ്ഞത്. ലോഡുകണക്കിന് മണ്ണും കല്ലുകളും മരങ്ങളും റോഡില്‍ നിറഞ്ഞതിനാല്‍ ഗതാഗതം പഴയ റോഡിലൂടെ തിരിച്ചുവിടുകയായിരുന്നു. മഴമാറിയിട്ടും മണ്ണ് നീക്കം ചെയ്യാന്‍ കഴിഞ്ഞില്ല. വീണുകിടക്കുന്ന മണ്ണ് നീക്കംചെയ്യുമ്ബോള്‍ ചെങ്കുത്തായ കുന്ന് വീണ്ടും ഇടിയാനുള്ള സാധ്യതയുണ്ടായിരുന്നു. കൂറ്റന്‍ പാറയും അപകടഭീഷണിയുയര്‍ത്തി. സ്വകാര്യവ്യക്തിയുടെ സ്ഥലമായതിനാല്‍ നീണ്ട ചര്‍ച്ചകള്‍ക്കുശേഷമാണ് പരിഹാരനടപടിയുണ്ടാക്കിയത്.
സ്ഥലം ഉടമയുമായി കെ.എസ്.ടി.പി. അധികൃതരുണ്ടാക്കിയ ധാരണപ്രകാരം 17 മീറ്റര്‍ ഉയരത്തിലുള്ള കുന്ന് 15 മീറ്ററോളം ഇടിച്ച് കെ.എസ്.ടി.പി.യുടെ ചെലവില്‍ നിരപ്പാക്കിക്കൊടുക്കും. ഇതോടെ കുന്നില്ലാതാവുകയും അപകടഭീഷണി ഒഴിവാകുകയും ചെയ്യും.
വളവുകള്‍ നിവര്‍ത്തിയും വീതികൂട്ടിയും അന്തസ്സംസ്ഥാനപാത നവീകരിച്ചപ്പോള്‍ വിവിധ ഇടങ്ങളില്‍ കുന്നുകള്‍ ചെത്തിയിറക്കേണ്ടിവന്നിരുന്നു. ഇത്തരം സ്ഥലങ്ങളിലെല്ലാം മഴക്കാലത്ത് റോഡിലേക്ക് വ്യാപകമായി മണ്ണിടിഞ്ഞിരുന്നു. ഇവിടങ്ങളില്ലെലാം ശാശ്വത പ്രതിരോധസംവിധാനങ്ങള്‍ ക്രമീകരിച്ചുകൊണ്ടിരിക്കുകയാണ്. മണ്ണിന്റെയും സ്ഥലത്തിന്റെയും പ്രത്യേകതയനുസരിച്ച് ഗ്യാബിയോണ്‍ ഭിത്തി, കോണ്‍ക്രീറ്റ് സംരക്ഷണഭിത്തി, രാമച്ചഭിത്തി എന്നിവയാണ് നിര്‍മിക്കുന്നത്.
0 Comments