ഡ്രൈവിംഗിനിടെ മൊബൈലില്‍ സംസാരിച്ചു; കെ എസ് ആര്‍ ടി സി ഡ്രൈവറുടെ ലൈസന്‍സ് മരവിപ്പിച്ചു
തൃശൂര്‍: ഡ്രൈവിംഗിനിടെ മൊബൈലില്‍ സംസാരിച്ച കെ എസ് ആര്‍ ടി സി ഡ്രൈവറുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് മരവിപ്പിച്ചു. ഒരു മാസത്തേക്കാണ് ലൈസന്‍സ് മരവിപ്പിച്ചിരിക്കുന്നത്. ഡ്രൈവര്‍ ഫോണില്‍ സംസാരിക്കുന്ന ദൃശ്യങ്ങള്‍ ബസിലെ യാത്രക്കാരന്‍ പകര്‍ത്തി എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയ്ക്ക് അയച്ചു നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.
നോര്‍ത്ത് പറവൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ കെ ടി ഷാനിലിന്റെ ലൈസന്‍സാണ് മോട്ടോര്‍ വാഹന വകുപ്പ് മരവിപ്പിച്ചത്. നോര്‍ത്ത് പറവൂരില്‍ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രക്കിടയായിരുന്നു സംഭവം. യാത്രക്കാരന്റെ പരാതി ലഭിച്ചയുടന്‍ തന്നെ തൃശൂര്‍ ആര്‍ ടി ഒ ഡ്രൈവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. തുടര്‍ന്ന് ആര്‍ടിഒയുടെ മുന്നില്‍ നേരിട്ട് ഹാജരായ ഡ്രൈവര്‍ കുറ്റം സമ്മതിച്ചതോടെയാണ് ഒരുമാസത്തേക്ക് ഇയാളുടെ ലൈസന്‍സ് മരവിപ്പിച്ചത്.
കൂടാതെ ഡ്രൈവറെ മോട്ടോര്‍ വാഹന വകുപ്പിന്റെ കീഴിലുളള എടപ്പാള്‍ ഐഡിടിആറില്‍ ഒരു ദിവസത്തെ ബോധവത്കരണ ക്ലാസിനും അയച്ചു. നിയമലംഘനങ്ങള്‍ തടയുന്നതിനായി പരിശോധന ശക്തമാക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ അറിയിച്ചു. നിയമലംഘനങ്ങള്‍ സംബന്ധിച്ച പരാതികള്‍ 9946100 100 എന്ന വാട്സാപ്പ് നമ്ബറില്‍ അയക്കാവുന്നതാണ്.
0 Comments