വിനോദയാത്ര പോയ വിദ്യാര്‍ഥിനി മരിച്ചതുമായി ബന്ധപ്പെട്ട് യാത്രാ സംഘത്തിലെ മറ്റുള്ളവരുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) കെ നാരായണ നായ്ക് അറിയിച്ചു. വിനോദ യാത്രക്കു പോയ 47 കുട്ടികളെ മുന്‍കരുതല്‍ എന്ന നിലയില്‍ ജില്ലാ ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഒമ്പത് കുട്ടികള്‍ നേരിയ പനിയുള്ളതിനാല്‍ നിരീക്ഷണത്തിലാണ്. പനിയുള്ള കുട്ടികളുടെ സ്രവം, രക്തസാമ്പിളുകള്‍ എന്നിവ മണിപ്പാലിലേയും ആലപ്പുഴയിലെയും വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. മരിച്ച കുട്ടിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്, പനിയുള്ള കുട്ടികളുടെ സ്രവ രക്തപരിശോധനാ റിപ്പോര്‍ട്ടുകള്‍ എന്നിവ ലഭിച്ചാല്‍ മാത്രമേ രോഗത്തെക്കുറിച്ചും രോഗ കാരണങ്ങളെക്കുറിച്ചും കൂടുതല്‍ വ്യക്തമാകൂ.
കണ്ണൂര്‍ ജില്ലയിലെ ശ്രീനാരായണ കോളേജില്‍ നിന്നും കര്‍ണ്ണാടകയിലെ ചിക്മാംഗ്ലൂരിലേക്ക് വിനോദയാത്രയ്ക്കു പോയ വിദ്യാര്‍ത്ഥിനി മരിച്ച സാഹചര്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക്കിന്റെ അധ്യക്ഷതയില്‍ അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി.
അടിയന്തിര സാഹചര്യം നേരിടുന്നതിനായി ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ജില്ലാ ആശുപത്രി കണ്ണൂര്‍, ഗവ. മെഡിക്കല്‍ കോളേജ്, പരിയാരം എന്നിവിടങ്ങളില്‍ ദ്രുത പ്രതികരണ സംഘത്തെ (ആര്‍ ആര്‍ ടി) രൂപീകരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഡെപ്യൂട്ടി ഡി എം ഒ ഡോ. എം കെ ഷാജ്, ജില്ലാ ആശുപത്രിയില്‍ ഡോ. എന്‍ അഭിലാഷ്, ഗവ. മെഡിക്കല്‍ കോളജില്‍ ഡോ. എ കെ ജയശ്രീ എന്നിവരുടെ നേതൃത്വത്തിലാണ് സംഘത്തെ നിയോഗിച്ചത്.

0 Comments