ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം ദേവാലയം പുനര്‍നിര്‍മ്മിക്കുന്നു
തൃശൂര്‍: ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം ദേവാലയമായ ചേരമാന്‍ ജുമാമസ്ജിദിന്റെ പൗരാണികപ്രൗഢി നിലനിര്‍ത്തിക്കൊണ്ടുള്ള പുനരുദ്ധാരണപ്രവര്‍ത്തനത്തിന് പദ്ധതിയൊരുങ്ങി. പദ്ധതിയുടെ ഉദ്ഘാടനം നവംബര്‍ 10 ന് വൈകീട്ട് 4 ന് ചേരമാന്‍ ജുമാമസ്ജിദ് അങ്കണത്തില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വ്വഹിക്കും. സംസ്ഥാന ധനകാര്യമന്ത്രി ഡോ. ടി.എം തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും.
ആദ്യകാലത്തെ കേരളീയ വാസ്തുശില്പമാതൃകയിലുള്ള പഴയപള്ളി (അകത്തേ പള്ളി) പുനര്‍നിര്‍മിക്കാനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. രാജ്യാന്തരശ്രദ്ധയാകര്‍ഷിച്ച മുസിരിസ് പൈതൃകപദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.13 കോടി രൂപ ചെലവഴിച്ചാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളി പുനര്‍നിര്‍മിക്കുക.
1974 മുതല്‍ മൂന്ന് ഘട്ടങ്ങളിലായാണ് പഴയപള്ളിക്ക് ചുറ്റുമായി പുതിയ കോണ്‍ക്രീറ്റ് വിപുലീകരണ പ്രവര്‍ത്തനങ്ങളും കൂട്ടിച്ചേര്‍ക്കലുകളും നടന്നിട്ടുള്ളത്. ഇത് പൂര്‍ണമായും ഒഴിവാക്കുക എന്നതാണ് പുതിയ പദ്ധതിയില്‍ ലക്ഷ്യമിടുന്നത്. വിലകൂടിയ മരങ്ങളും ഓടുകളും മറ്റും ഉപയോഗിച്ച് സ്ഥാപിതമായ പഴയപള്ളി എല്ലാ പൗരാണികപ്രൗഢികളും നിലനിര്‍ത്തി പുനരുദ്ധരിക്കും. മേല്‍ക്കൂരയിലെ കേടുപാടുകള്‍ തീര്‍ത്ത് കെട്ടിടം ബലപ്പെടുത്തുകയും നശിച്ചുപോയ ചുമരുകള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്യും. കാലപ്പഴക്കം കൊണ്ട് ദ്രവിച്ചനിലയിലുള്ള മേല്‍ക്കൂരയിലെ മരത്തിന്റെ വലിയ ബീം മാറ്റി സ്ഥാപിക്കും. ഇതോടൊപ്പം ഭൂഗര്‍ഭനിലകളോടുകൂടിയ നിസ്‌കാരഹാളിന്റെ പണിയും ആരംഭിക്കും. 6000 പേര്‍ക്കുവരെ ഒരേസമയം നിസ്‌കരിക്കാന്‍ കഴിയുന്നരീതിയിലാണ് ഇതിന്റെ നിര്‍മാണം. ഇതുമായി ബന്ധപ്പെട്ടുള്ള ഓഫീസ് ജോലികള്‍ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. 20 കോടിയില്‍പ്പരം രൂപ ചെലവ് വരുന്ന പദ്ധതി നടപ്പാകുന്നതോടെ ചേരമാന്‍ ജുമാമസ്ജിദ് വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റും. കേന്ദ്രസര്‍ക്കാറിന്റെ പ്രസാദ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 17 കോടിയുടെ വികസനപ്രവര്‍തനങ്ങള്‍ നടത്താനും പദ്ധതിയുണ്ട്.
അഡ്വ. വി.ആര്‍. സുനില്‍കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ബെന്നി ബഹനാന്‍ എംപി, ടൂറിസം വകുപ്പ് ഡയറക്ടര്‍ പി. ബാലകിരണ്‍, കൊടുങ്ങല്ലൂര്‍ നഗരസഭ ചെയര്‍മാന്‍ കെ.ആര്‍. ജൈത്രന്‍, ചേരമാന്‍ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി പ്രസിഡന്റ് ഡോ. പി.എ. മുഹമ്മദ് സെയ്ദ്, കൗണ്‍സിലര്‍ ആശാ ലത, മുസിരിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടര്‍ പി.എം. നൗഷാദ് എന്നിവര്‍ സംബന്ധിക്കും.
0 Comments