കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പണിമുടക്ക്  പാൽച്ചുരം വഴിയുള്ള യാത്രക്കാർ ബുദ്ധിമുട്ടിലായി


 കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പണിമുടക്കിനെത്തുടർന്ന് പാൽച്ചുരം വഴിയുള്ള യാത്രക്കാർ ബുദ്ധിമുട്ടി. വിവിധ ഡിപ്പോകളിൽ നിന്ന് ബസുകൾ ഓടാതിരുന്നതോടെ കെ.എസ്.ആർ.ടി.സി.ബസുകൾ മാത്രം സർവീസ് നടത്തുന്ന ചുരം പാതയിലൂടെ വയനാട്ടിലേക്കും വയനാട്ടിൽ നിന്നും ഇരിട്ടി മേഖലകളിലേക്കുമുള്ള യാത്രക്കാർ ബുദ്ധിമുട്ടി. ഏതാനും ചില ബസുകളൊഴിക മറ്റു ബസുകളൊന്നും സർവീസ് നടത്തിയില്ല. മാനന്തവാടി, തലശ്ശേരി, കാഞ്ഞങ്ങാട്, ഭാഗത്തുനിന്നുമുള്ള ഏതാനും ബസുകൾ മാത്രമാണ് സർവീസ് നടത്തിയത്. കോളേജ് വിദ്യാർഥികളടക്കമുള്ള നിരവധി യാത്രക്കാരെ ഇത് ബുദ്ധിമുട്ടിലാക്കി. 32 ബസുകൾ ഓടുന്ന റൂട്ടിൽ 10-ൽ താഴെ ബസുകൾ മാത്രമാണ് സർവീസ് നടത്തിയത്. രാവിലെ ചിലബസുകൾ ഓടിയെങ്കിലും ഉച്ചയ്ക്കുശേഷമുള്ള നിരവധി ബസുകൾ മുടങ്ങി. വെകിട്ട് ബസുകളൊന്നുംതന്നെ സർവീസ് നടത്തിയില്ല. വയനാട്ടിലെ വിവിധ ഓഫീസുകളിലും വിദ്യഭ്യാസ സ്ഥാപനങ്ങളിലും ജോലിചെയ്യുന്ന മലയോര മേഖലകളിലുള്ളവരെ പണിമുടക്ക് സാരമായി ബാധിച്ചു. സ്വകാര്യ ബസുകൾ സർവീസ് നടത്താത്ത റൂട്ടിൽ മറ്റുയാത്രക്കാരും ഏറെ ബുദ്ധിമുട്ടിലായി.