ആലക്കോട്:മഞ്ഞുമല ക്വാറിവിരുദ്ധ സമരസ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡന്റിനെ സമരസമിതി പ്രവർത്തകർ തടഞ്ഞുെവച്ചു. നടുവിൽ പഞ്ചായത്ത് ഭരണസമിതി ക്വാറി ഉടമകൾക്ക് അനുകൂല നിലപാട് എടുക്കുന്നുവെന്നാരോപിച്ചാണ് പ്രസിഡന്റിനെ തടഞ്ഞത്.

ക്വാറിയിലേക്കുള്ള റോഡിൽ അറ്റകുറ്റപ്പണി നടത്തുന്നതിന് ക്വാറി ഉടമ നടത്തിയ ശ്രമത്തെ നാട്ടുകാർ തടഞ്ഞു. ഇതറിഞ്ഞെത്തിയ പ്രസിഡന്റിനെയാണ് നാട്ടുകാർ തടഞ്ഞത്.

എഴുപത്തിയേഴ് വയസ്സ് പിന്നിട്ട ദമ്പതിമാർ നൽകിയ പരാതിയിൽ അന്വേഷണം നടത്താതെ ക്വാറി ഉടമ നൽകിയ പരാതി അന്വേഷിക്കാനെത്തിയതിൽ നാട്ടുകാർ പഞ്ചായത്ത് പ്രസിഡന്റിനോട് ക്ഷുഭിതരായി. സമരക്കാർക്കെതിരേ ക്വാറി ഉടമകൾ നൽകുന്ന പരാതിയിൽ പോലിസ് അന്വേഷണവും ഭീഷണിയും നടത്തുന്നതായി സമരസമിതി കുറ്റപ്പെടുത്തി. നീതിനിഷേധം തുടർന്നാൽ കോടതിയെ സമീപിക്കാനള്ള നീക്കത്തിലാണ് നാട്ടുകാർ.

ഒന്നരമാസമായി സമരം തുടർന്നിട്ടും തിരിഞ്ഞുനോക്കാതിരുന്ന പഞ്ചാ യത്ത് പ്രസിഡൻറും വാർഡ് അംഗവും സ്ഥലത്തെത്തി സമരസമിതി പ്രവർത്തകരെ കണ്ട് റോഡ് പ്രവൃത്തി നടത്താൻ സമ്മർദം ചെലുത്താൻ ശ്രമിച്ചു. നാട്ടുകാർ ഒന്നായിച്ചേർന്ന് പ്രസിഡന്റിനെയും അംഗത്തെയും സ്ഥലത്ത് നിൽക്കാൻ പോലും സമ്മതിക്കാതെ വന്ന വാഹനത്തിൽ കയറ്റി മടക്കി അയച്ചു. നാല്പത്തിനാലാം ദിവസമായ ശനിയാഴ്ച സമരപ്പന്തലിലെത്തിയ വയോജനങ്ങൾ ഉൾപ്പെടെ, ആളുകൾ സമരം ശക്തമായി മുന്നോട്ടു കൊണ്ടുപോകണമെന്നും പ്രായം കണക്കിലെടുക്കാതെ ദിവസം മുഴുവൻ സമരത്തിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അതീവ പരിസ്ഥിതിലോല പ്രദേശത്ത്‌ , ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കെ നടത്തുന്ന പാറ പൊട്ടിക്കലും അനുവദിക്കാനാവില്ലെന്ന് പ്രഖ്യാപിച്ചു.