കേളകം കൊട്ടിയൂർ മേഖലകളിൽ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും കഞ്ചാവ് വില്പന നടത്തുന്ന ദമ്പതികളെപേരാവൂർ എക്സൈസ് പിടികൂടി. ഇവരുടെ പക്കൽ നിന്ന് അരക്കിലോ കഞ്ചാവ് കസ്റ്റഡിയിലെടുത്തു.

ചുങ്കക്കുന്ന് പൊട്ടന്‍തോട് സ്വദേശി പാണ്ടിമാക്കൽ വീട്ടിൽ പി.കെ.ബാലന്‍, ഭാര്യ എം.ശാരദ എന്നിവരെയാണ് പേരാവൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.കെ.വിജേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 

കേളകത്ത് സ്കൂൾ വിദ്യാർത്ഥികൾ കഞ്ചാവ് ഉപയോഗിക്കുന്നതറിഞ്ഞ് എക്സൈസ് നടത്തിയ രഹസ്യാന്വേഷണത്തിലാണ് കുട്ടികൾക്ക് ലഹരി വില്ക്കുന്ന ദമ്പതികളെ പറ്റി വിവരം ലഭിച്ചത്. എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖലാ സ്ക്വാഡ് നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിലാണ് ഇവർ പിടിയിലായത്. കർണ്ണാടകയിലെ ബൈരക്കുപ്പയിൽ നിന്നാണ് ഇവർ കഞ്ചാവ് എത്തിക്കുന്നത്. കാഴ്ചയിൽ അവശ നിലയിലായതിനാൽ സാധാരണ ഗതിയിൽ ആരും ഇവരെ സംശയിക്കില്ല. 

എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ എം.ബി.സുരേഷ് ബാബു, എം.പി.സജീവൻ, പി.സി.ഷാജി, സിവിൽ എക്സൈസ് ഓഫീസർമാരായ സി.എം.ജയിംസ്, സി.പി.ഷാജി, വി.എൻ.സതീഷ്, കെ.എ.ഉണ്ണിക്കൃഷ്ണൻ, പി.എസ്.ശിവദാസൻ, എൻ.സി.വിഷ്ണു, വനിത സിവിൽ എക്സൈസ് ഓഫീസർ കെ.കെ.അമൃത എന്നിവർ പങ്കെടുത്തു.