ഗര്‍ഭാശയഗള കാന്‍സറിനെ തുടച്ചു നീക്കാനൊരുങ്ങി കണ്ണപുരം
കാന്‍സര്‍ നിര്‍മ്മാര്‍ജന പദ്ധതി ശില്പശാല സംഘടിപ്പിച്ചു.
കാന്‍സര്‍ വിമുക്ത പദ്ധതികളിലൂടെ സംസ്ഥാനത്തിനു തന്നെ മാതൃകയാവുകയാണ് കണ്ണപുരം ഗ്രാമപഞ്ചായത്ത്. സമ്പൂര്‍ണ കാന്‍സര്‍ നിര്‍മ്മാര്‍ജന പദ്ധതിയുടെ ഭാഗമായി ഗര്‍ഭാശയഗള കാന്‍സര്‍ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്തില്‍ തുടക്കമായി. സംസ്ഥാനത്ത് ആദ്യമായി മലബാര്‍ കാന്‍സര്‍ സെന്ററിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയിട്ടുള്ള മാതൃകാ പദ്ധതി വിശദീകരണ ശില്പശാല കണ്ണപുരം ഗ്രാമ പഞ്ചായത്ത് ഹാളില്‍ ടിവി രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ആരോഗ്യ മേഖലയില്‍ മാതൃകയായി മാറിയ കണ്ണപുരം പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രം ജനുവരി 1 മുതല്‍ കുടുംബാരോഗ്യ കേന്ദ്രമായി മാറുമെന്നും ക്യാന്‍സറിനെ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സ ഉറപ്പുവരുത്താനുള്ള മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുമെന്നും എംഎല്‍എ അറിയിച്ചു.
സ്ത്രീകളില്‍ വ്യാപകമായി കണ്ടുവരുന്ന ക്യാന്‍സറില്‍ രണ്ടാം സ്ഥാനമാണ് ഗര്‍ഭാശയഗള ക്യാന്‍സറിന്. ഗര്‍ഭാശയഗള അര്‍ബുദ രോഗലക്ഷണങ്ങള്‍ 12 വര്‍ഷങ്ങള്‍ക്കു മുന്നേ തന്നെ കണ്ടെത്താനാവുന്ന ശാസ്ത്രീയ പരിശോധന സംവിധാനങ്ങള്‍ നിലവിലുണ്ട്. ഇത്തരം സംവിധാനങ്ങളൊരുക്കി ഗര്‍ഭാശയഗള കാന്‍സര്‍ ലക്ഷണങ്ങള്‍ സ്‌ക്രീനിംഗ് ക്യാമ്പിലൂടെ കണ്ടെത്തി ചികിത്സ നല്‍കുന്നതിനുള്ള ജനകീയ മാതൃക സൃഷ്ടിക്കുകയാ
ണ് പഞ്ചായത്തിന്റെ ലക്ഷ്യം. 2016 ലാണ് തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററിന്റെ സഹകരണത്തോടെ കാന്‍സര്‍ വിമുക്ത ഗ്രാമം സമ്പൂര്‍ണ്ണ കാന്‍സര്‍ നിയന്ത്രണ പദ്ധതിക്ക് കണ്ണപുരത്ത് തുടക്കം കുറിച്ചത്. 2019- 20 വാര്‍ഷിക പദ്ധതിയില്‍ ഗര്‍ഭാശയഗള കാന്‍സര്‍ നിര്‍മ്മാര്‍ജന പദ്ധതി നടപ്പിലാക്കാന്‍ 13 ലക്ഷം രൂപയുടെ പദ്ധതിക്ക് ഡിപിസി അംഗീകാരം ലഭിച്ചുകഴിഞ്ഞു. ചെറുകുന്ന്തറയില്‍ പ്രവര്‍ത്തിച്ചുവരുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിലവിലുള്ള പ്രാഥമിക കാന്‍സര്‍ നിര്‍ണയ ക്ലിനിക്കില്‍ പരിശോധനക്ക് ആവശ്യമായ ഉപകരണങ്ങള്‍ സ്ഥാപിക്കും. എംഎല്‍എയുടെ പ്രാദേശിക ആസ്തി വികസന ഫണ്ടിലുള്‍പ്പെടുത്തിയാണ് ഉപകരണങ്ങള്‍ സ്ഥാപിക്കുക. മലബാര്‍ കാന്‍സര്‍ സെന്ററിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന സംഘം 'പാപ്‌സ്മിയര്‍' പരിശോധന ഉള്‍പ്പെടെ നടത്തി ആവശ്യമായ ചികിത്സ നല്‍കും.
0 Comments