ചെങ്കല്‍ ട്രാക്കില്‍ വേഗരാജാവ്
ദേശീയപതാകയുടെ നിറമുള്ള റിബണില്‍ കുരുത്ത സ്വര്‍ണമെഡലുകള്‍ക്കിന്ന് തിളക്കമില്ല. വെള്ളിമെഡലുകള്‍ കറപിടിച്ച് കറുത്തിരിക്കുന്നു. വെങ്കലം ക്ലാവ് പിടിച്ചിരിക്കുന്നു. ട്രാക്കില്‍ വിയര്‍പ്പൊഴുക്കി നേടിയ സര്‍ട്ടിഫിക്കറ്റുകളിലെ അക്ഷരങ്ങള്‍ മാഞ്ഞുതുടങ്ങിയിരിക്കുന്നു. സ്കൂള്‍ കായികമേളയില്‍ ദേശീയതലത്തില്‍ കേരളത്തിന്റെ അഭിമാനമായിരുന്ന കണ്ണൂര്‍ കൊട്ടിയൂരിലെ പി.ബി.ഗിരീഷ് ഇന്ന് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ബുദ്ധിമുട്ടുകയാണ്. ഭാര്യയും രണ്ടു മക്കളും അമ്മയുമടങ്ങിയ കുടുംബം പുലര്‍ത്താന്‍ ദിവസവേതനത്തിന് വാച്ച്‌മാന്‍ ജോലി ചെയ്യുകയാണ് അദ്ദേഹമിന്ന്. അതിന്റെ ഇടവേളകളില്‍ ചെങ്കല്ല് ചുമക്കുകയാണ്. കണ്ണൂരില്‍ വീണ്ടും സംസ്ഥാന സ്കൂള്‍ കായികമേളയുടെ ദീപശിഖയ്ക്ക് തിരിതെളിയുമ്ബോള്‍ തുറന്നുവെക്കുകയാണ്, ഒരുകാലത്ത് വേഗത്തിന്റെ രാജാവായിരുന്ന ഗിരീഷിന്റെ ഇന്നത്തെ വെന്തുരുകുന്ന ജീവിതം. ചെങ്കുത്തായ കുന്നില്‍ ഓടിക്കയറിയും മഴക്കാലത്ത് ചുഴിയുമായി കുതിച്ചൊഴുകിയെത്തുന്ന ബാവലിപ്പുഴ നീന്തിക്കടന്നുമാണ് ഗിരീഷ് വളര്‍ന്നത്. കുന്നും പുഴയും ഉണര്‍ത്തിയ ഗിരീഷിലെ കായികതാരത്തിന്റെ കുതിപ്പ് ദേശീയ സ്കൂള്‍ ഗെയിംസിലെ സ്വര്‍ണനേട്ടത്തിലാണ് എത്തിനിന്നത്. വേഗത്തിന്റെ ട്രാക്കില്‍ കേരളത്തിന്റെ അഭിമാനമായിരുന്ന ഗിരീഷിനെ തോല്‍പിക്കാന്‍ അന്ന് ആരുമുണ്ടായിരുന്നില്ല. എന്നാല്‍, വിധിതീര്‍ത്ത വെല്ലുവിളികള്‍ക്കുമുന്നില്‍ അവന്‍ തളര്‍ന്നുപോയി. ട്രാക്കില്‍ വിയര്‍പ്പൊഴുക്കി കുതിച്ചോടുമ്ബോള്‍ കൈയടിച്ച് പ്രോത്സാഹിപ്പിച്ചവരാരും അപ്പോള്‍ കൈപിടിച്ചുയര്‍ത്താന്‍ കൂടെയുണ്ടായില്ല.
ബാവലി വളര്‍ത്തിയകരുത്ത്
കൊട്ടിയൂര്‍ മന്ദഞ്ചേരി ശ്രീനാരായണ എല്‍.പി. സ്കൂളിലാണ് ഒന്നുമുതല്‍ നാലാംക്ലാസ് വരെ ഗിരീഷ് പഠിച്ചത്. അക്കാലത്ത് പാലുകാച്ചി കുന്നിന്‍ മുകളിലായിരുന്നു ഗിരീഷിന്റെ കുടുംബം. പ്രഥമാധ്യാപകന്‍ ഗോപാലനാണ് മറ്റ് കുട്ടികളെ ഏറെ പിന്നിലാക്കി ഓടുന്ന ഗിരീഷിലെ കായികതാരത്തെ തിരിച്ചറിഞ്ഞത്. അന്ന് ഇരിട്ടി ഉപജില്ലാ സ്കൂള്‍ കായികമേളയില്‍ 50, 100 മീറ്റര്‍ ഓട്ടമത്സരത്തിലും ലോങ്‌ജംപിലും സ്വര്‍ണം ചൂടി ഗിരീഷ് വ്യക്തിഗത ചാമ്ബ്യനായി. ഇരിട്ടി താന്തോട് വയലില്‍ അന്നൊരു ദേശീയചാമ്ബ്യന്‍ ഉദിക്കുകയായിരുന്നു.
അഞ്ചുമുതല്‍ എട്ടുവരെ ഗിരീഷ് പഠിച്ചത് കണ്ണൂര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലായിരുന്നു. അവിടത്തെ കായികാധ്യാപകന്‍ ജയരാജാണ് ഗിരീഷിന് ആദ്യമായി സ്പൈക്സ് വാങ്ങിക്കൊടുത്തത്. ഏഴാംതരത്തില്‍ പഠിക്കുമ്ബോള്‍ കിഡ്ഡീസ് ബോയ്‌സ് വിഭാഗത്തില്‍ 100 മീറ്റര്‍ ഓട്ടത്തിലും ലോങ്‌ജംപിലും കണ്ണൂര്‍ ഉപജില്ലാ ചാമ്ബ്യനായി. എട്ടില്‍ പഠിക്കുമ്ബോള്‍ 100, 200, 400 മീറ്റര്‍ ഓട്ടത്തില്‍ കണ്ണൂര്‍ ഉപജില്ലയിലും റവന്യൂ ജില്ലയിലും സ്വര്‍ണംനേടി ഗിരീഷ് വരവറിയിക്കുകയായിരുന്നു.
'മൊട്ട'കള്‍ക്കൊപ്പംമിന്നല്‍പ്പിണരായി
അക്കൊല്ലം സംസ്ഥാന കായികമേള കണ്ണൂരിലായിരുന്നു. കണ്ണൂര്‍ പോലീസ് ഗ്രൗണ്ടില്‍ നടന്ന മീറ്റില്‍ മൂന്നിലും സ്വര്‍ണം ചൂടിയ പയ്യന്‍ കോതമംഗലം സെയ്‌ന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്നെത്തിയ കായികാധ്യാപകന്‍ രാജുപോളിന്റെ കണ്ണിലുടക്കി. രക്ഷിതാക്കളുടെയും സ്കൂള്‍ അധികൃതരുടെയും അനുവാദം വാങ്ങി പ്ലസ്‌ടു വരെയുള്ള വിദ്യാഭ്യാസം ഉറപ്പുനല്‍കി അവനെ അദ്ദേഹം കോതമംഗലത്തേക്ക് കൊണ്ടുപോയി. അവിടത്തെ ചിട്ടയായ കായികപരിശീലനം ലഭിച്ചതോടെ ഗിരീഷും ട്രാക്കിലെ 'മൊട്ട'കള്‍ക്കൊപ്പം മിന്നുന്ന താരമായി മാറി.
ഒമ്ബതില്‍ പഠിക്കുമ്ബോള്‍ 100, 200 മീറ്റര്‍ ഓട്ടത്തില്‍ എറണാകുളം റവന്യു ജില്ലാ ചാമ്ബ്യനായി ഗിരീഷ് രാജുപോളിന്റെ വിശ്വാസം കാത്തു. പുണെയില്‍ നടന്ന ദേശീയ സ്കൂള്‍ ഗെയിംസില്‍ 100 മീറ്ററില്‍ കേരളത്തിനുവേണ്ടി സ്വര്‍ണം കൊയ്തു. തൊട്ടടുത്ത വര്‍ഷം തിരുവനന്തപുരത്ത് നടന്ന സംസ്ഥാന മീറ്റില്‍ 100 മീറ്ററില്‍ ഒന്നാംസ്ഥാനവും 200 മീറ്ററില്‍ രണ്ടാംസ്ഥാനവും ഗിരീഷ് നേടി. മുംബൈയില്‍ നടന്ന ദേശീയ സ്കൂള്‍ ഗെയിംസില്‍ 100 മീറ്ററില്‍ ട്രാക്കിലിറങ്ങി വെള്ളിയുമായി മടങ്ങി.
പത്താംതരത്തില്‍ പഠിക്കുമ്ബോള്‍ എറണാകുളം ജില്ലയില്‍ 100-ലും 200-ലും ഒന്നാം സ്ഥാനം നേടി. പാലക്കാട്ട് നടന്ന സംസ്ഥാന കായികമേളയില്‍ 100 മീറ്ററില്‍ സ്വര്‍ണം ഗിരീഷിനായിരുന്നു. 200-ല്‍ രണ്ടാംസ്ഥാനവും നേടി. 400 മീറ്ററില്‍ മൂന്നാംസ്ഥാനവും നേടിയ ഗിരീഷായിരുന്നു അന്ന് സംസ്ഥാന വ്യക്തിഗത ചാമ്ബ്യന്‍. ആ വര്‍ഷം കൊല്‍ക്കൊത്തയില്‍ നടന്ന ദേശീയ കായികമേളയില്‍ 100 മീറ്ററില്‍ സ്വര്‍ണം നേടി. 400 മീറ്റര്‍ റിലേയില്‍ പങ്കെടുത്തെങ്കിലും സമ്മാനം കിട്ടിയില്ല.
പ്ലസ്‌വണ്ണിനു പഠിക്കുമ്ബോള്‍ എറണാകുളം റവന്യു ജില്ലാ മീറ്റില്‍ സ്വര്‍ണം ഗിരീഷിനായിരുന്നു. 200 മീറ്റര്‍ ഓട്ടത്തിനിടെ കാലിലെ പേശിക്ക് പരിക്കേറ്റ് പിന്മാറുകയായിരുന്നു. അക്കൊല്ലം കൊച്ചിയില്‍ നടന്ന ദേശീയ സ്കൂള്‍ കായികമേളയും ഗിരീഷിന് നഷ്ടമായി. പ്ലസ്‌ടുവിന് പഠിക്കുമ്ബോള്‍ എറണാകുളത്തിനു വേണ്ടിയിറങ്ങിയ ഗിരീഷ് 100 മീറ്ററില്‍ ഒന്നാംസ്ഥാനം നേടി. സംസ്ഥാനതലത്തില്‍ നാലാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. പഞ്ചാബില്‍ നടന്ന ദേശീയ സ്കൂള്‍ കായികമേളയില്‍ 400 മീറ്റര്‍ റിലേയില്‍ പങ്കെടുത്തെങ്കിലും സമ്മാനമൊന്നും കിട്ടിയില്ല.
പുണെയിലും കൊല്‍ക്കത്തയിലും നടന്ന ദേശീയ സ്കൂള്‍ ഗെയിംസില്‍ വേഗത്തിന്റെ ട്രാക്കിലെ ലോകരാജാക്കന്മാരെ അനുസ്മരിപ്പിക്കുന്ന രീതിയിലായിരുന്നു ഗിരീഷിന്റെ സ്വര്‍ണക്കുതിപ്പ്.
കുടുംബം പുലര്‍ത്താന്‍ തൂമ്ബയുമായി
സാമ്ബത്തികശേഷിയില്ലാത്തതിനാലും കുടുംബപരമായ ബാധ്യതകളാലും പ്ലസ്‌ടുവിനു ശേഷം തുടര്‍ന്നു പഠിക്കാന്‍ ഗിരീഷിനായില്ല. ദേശീയ സ്കൂള്‍ ഗെയിംസില്‍ രണ്ടുതവണ വേഗത്തിന്റെ രാജാവായ ഗിരീഷ് അങ്ങനെ കുടുംബം പുലര്‍ത്താന്‍ തൂമ്ബയെടുത്തു. ആ പണിയില്ലാത്ത കാലത്ത് ചെങ്കല്ല് ചുമന്നു. അപ്പോഴും കായികമേളകള്‍ ഏറെ നടന്നെങ്കിലും ആരും ഗിരീഷിനെ തിരിഞ്ഞുനോക്കിയില്ല. കാലത്തിന്റെ കുത്തൊഴുക്കില്‍ എല്ലാവരും ഗിരീഷിനെ മറന്നു. ജീവിതം തിരിച്ചു പിടിക്കുന്നതിന് തനിക്ക് ലഭിച്ച മെഡലുകളും സര്‍ട്ടിഫിക്കറ്റുകളുമായി ആ കായികതാരം പല അധികാരകേന്ദ്രങ്ങള്‍ക്കു മുന്നിലും എത്തിയെങ്കിലും ആരും തുണച്ചില്ല. അതിനിടയില്‍ സിവില്‍ പോലീസ് ഓഫീസര്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുത്തെങ്കിലും ശാരീരികശേഷി പരിശോധനയില്‍ നീളക്കുറവിന്റെ പേരില്‍ ഗിരീഷിന് പുറത്തു പോകേണ്ടിവന്നു.
വീടെന്നത്സ്വപ്‌നം മാത്രം
വിയര്‍പ്പൊഴുക്കി നേടിയ മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും സൂക്ഷിക്കാന്‍ ഗിരീഷിനിന്ന് അടച്ചുറപ്പുള്ള വീടില്ല. ആറളത്ത് സര്‍ക്കാര്‍ അനുവദിച്ച ഒരേക്കറില്‍ വീട് നിര്‍മിക്കുന്നതിന് ട്രൈബല്‍ റീസെറ്റില്‍മെന്റ് ഡെവലപ്പ്‌മെന്റ് മിഷന്‍ (ടി.ആര്‍.ഡി.എം.) പദ്ധതിയില്‍ ആറുലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
എന്നാല്‍ തറ കെട്ടാന്‍ പണമില്ലാത്തതിനാല്‍ അത് ഇന്നും സ്വപ്നമായി തുടരുകയാണ്. കൊട്ടിയൂര്‍ മന്ദഞ്ചേരി താഴെ കോളനിയില്‍ പരേതനായ ഭാസ്കരന്റെയും ലീലയുടെയും മകനാണ് ഇരുപത്തിയെട്ടുകാരനായ പി.ബി.ഗിരീഷ്. ഭാര്യ മിനി. വേദ, ശ്രീദേവ് എന്നിവരടങ്ങിയ കുടുംബം ഇന്ന് കഴിയുന്ന് മന്ദഞ്ചേരിയിലെ കുടുംബവീട്ടിലാണ്.
2018 നവംബര്‍ ഒന്നുമുതല്‍ വെളിമാനത്തെ പെണ്‍കുട്ടികളുടെ പ്രീമെട്രിക് ട്രൈബല്‍ ഹോസ്റ്റലില്‍ ദിവസവേതനാടിസ്ഥാനത്തില്‍ വാച്ച്‌മാനായി ഗിരീഷ് ജോലി നോക്കുന്നുണ്ട്. അതുകൊണ്ടും കുടുംബം പുലര്‍ത്താനാകാതെ ഇന്നും ഒഴിവുവേളയില്‍ കല്ലുകടത്താന്‍ പോകാറുണ്ട് ഗിരീഷ്.
ഒന്‍പതുവര്‍ഷം മുമ്ബ് പ്ലസ്ടു ജയിച്ച പിന്നാക്കവിഭാഗത്തില്‍പ്പെട്ട അഭിമാനതാരത്തിന് കുടുംബം പോറ്റാന്‍ സ്ഥിരം ജോലി നല്‍കാന്‍ ആരുമുണ്ടായില്ല. ഹോസ്റ്റലില്‍ വാച്ച്‌മാന്‍ ഒഴിവിലേക്ക് സ്ഥിരം നിയമനം ലഭിച്ച് ആരെങ്കിലും എത്തിയാല്‍ തെറിക്കുന്നതാണ് തന്റെ ദിവസവേതനമെന്ന് ഗിരീഷ് തലതാഴ്ത്തി പറയുന്നു.
ഗിരീഷ് എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ചെയ്തിട്ട് വര്‍ഷങ്ങളായി. ദേശീയതലത്തില്‍ സ്വര്‍ണം നേടിയതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ കാണിച്ചെങ്കിലും അതൊന്നും എംപ്ലോയ്‌മെന്റ് ഓഫീസ് വഴിയുള്ള ഒഴിവുകളില്‍ പരിഗണിക്കുന്നതിന് മുന്‍ഗണന നല്‍കുന്നില്ലെന്നും ഗിരീഷ് പറയുന്നു.
കളക്ടര്‍ക്ക് അപേക്ഷ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ 2015-ലാണ് ഗിരീഷിന് ആറളം ഫാമില്‍ ഒരേക്കര്‍ ഭൂമി ലഭിച്ചത്. അതിനിടയില്‍ ദേശീയചാമ്ബ്യന്‍ കല്ലുചുമന്ന് ജീവിക്കുന്നതറിഞ്ഞ് ഗിരീഷിനെ കാണാന്‍ മുന്‍ പിന്നാക്കക്ഷേമ മന്ത്രി പി.കെ.ജയലക്ഷ്മി മന്ദഞ്ചേരിയിലെ കോളനിയിലെത്തിയിരുന്നു.
ആറളം ഫാമിലെ ഭൂമിയില്‍ വീടുവെച്ച് കൊടുക്കുമെന്നും ഫാമില്‍ ഒഴിവുവരുന്ന മുറയ്ക്ക് ഗിരീഷിന് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും പ്രഖ്യാപിച്ചായിരുന്നു മന്ത്രി മടങ്ങിയത്. അന്നത്തെ കായിക മന്ത്രി ഗണേഷ് കുമാറുമായി ഗിരീഷിന്റെ കാര്യം സംസാരിച്ച് വേണ്ടത് ചെയ്യുമെന്നും ഉറപ്പുനല്‍കിയായിരുന്നു അവര്‍ മടങ്ങിയതെന്നും ഗിരീഷ് പറയുന്നു. എന്നാല്‍, ഒന്നും നടന്നില്ല.
ഇന്ന് വീണ്ടും സ്വന്തം നാട്ടില്‍ സംസ്ഥാന സ്കൂള്‍ കായികമേള നടക്കുമ്ബോഴെങ്കിലും തന്റെ വിയര്‍പ്പിന്റെ വില അധികൃതര്‍ തിരിച്ചറിയുമെന്ന പ്രതീക്ഷയിലാണ് ഗിരീഷ്.
0 Comments