നിലവാരമുള്ള ശൗചാലയങ്ങള്‍ മൂന്ന് സ്കൂളുകളില്‍ മാത്രം; സ്കൂള്‍ ശുചിത്വം ഉറപ്പാക്കാന്‍ ജില്ലാ പഞ്ചായത്ത്
കണ്ണൂര്‍: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസമിതി സ്കൂളുകളില്‍ നടത്തിയ പരിശോധനയില്‍ മെച്ചപ്പെട്ട നിലവാരമുള്ള ശൗചാലയങ്ങള്‍ കണ്ടെത്തിയത് മൂന്നിടത്ത് മാത്രം. ജില്ലാ പഞ്ചായത്തിനു കീഴിലുള്ള 71 വിദ്യാലയങ്ങളിലായിരുന്നു പരിശോധന. സ്കൂള്‍ പ്രഥമാധ്യാപകര്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കും പി.ടി.എ. ഭാരവാഹികള്‍ക്കും വേണ്ടി സംഘടിപ്പിച്ച ശില്പശാലയിലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ചര്‍ച്ചചെയ്തത്.
കണ്ടെത്തിയ കാര്യങ്ങള്‍ ഇവ
* മുഴുവന്‍ ശൗചാലയങ്ങളിലും ജലലഭ്യതയുള്ളത് 60 സ്കൂളുകളില്‍.
* 32 സ്കൂളുകളില്‍ ശൗചാലയം ശുചീകരിക്കുന്നതിന് ആളുണ്ട്.
* 17 സ്കൂളുകളില്‍ കുട്ടികള്‍തന്നെ ശൗചാലയം വൃത്തിയാക്കുമ്ബോള്‍ 29 സ്കൂളുകള്‍ മറ്റ് വിധത്തില്‍ ശുചീകരണം നടത്തുന്നു.
* 30 വിദ്യാലയങ്ങളില്‍ സെപ്റ്റിക് ടാങ്കിന്റെ അവസ്ഥ തൃപ്തികരം. 37 സ്കൂളുകളില്‍ ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. നാലിടത്ത് വളരെ മോശം അവസ്ഥ.
* 45 സ്കൂളുകളില്‍ ഖരമാലിന്യം കത്തിക്കുന്നു. ചിലയിടങ്ങളില്‍ മാലിന്യം കൂട്ടിയിടുന്നു.
* 71 വിദ്യാലയങ്ങളില്‍ 34 എണ്ണം ജലക്ഷാമം നേരിടുന്നു. ഇതില്‍ 67 വിദ്യാലയങ്ങളില്‍ കുടിവെള്ളത്തിന് സ്വന്തമായി കിണറുണ്ട്. ആറിടത്ത് മാത്രമാണ് കുടിവെള്ളവിതരണ കണക്‌ഷനെ ആശ്രയിക്കുന്നത്.
* ജലസംഭരണികള്‍ യഥാവിധം വൃത്തിയാക്കാത്ത 16 സ്കൂളുകള്‍.
* പത്തിടത്ത് മെച്ചപ്പെട്ട അടുക്കളശുചിത്വം പാലിക്കുമ്ബോള്‍ അഞ്ച് സ്കൂളുകളില്‍ മോശം സ്ഥിതി. 56 വിദ്യാലയങ്ങളില്‍ തൃപ്തികരം.
* പൊതുശുചിത്വനിലവാരത്തില്‍ രണ്ട് സ്കൂളുകളുടേത് മാത്രം മെച്ചപ്പെട്ട പ്രകടനം. 55 എണ്ണം തൃപ്തികരം, 14 എണ്ണം മോശം സ്ഥിതിയില്‍.
പോരായ്മകള്‍ ഡിസംബര്‍ 15-നകം പരിഹരിക്കാന്‍ നിര്‍ദേശം
വിദ്യാലയങ്ങള്‍ക്ക് ഒന്നരക്കോടിയുടെ ശുചീകരണ കിറ്റുകള്‍ നല്‍കും
കണ്ണൂര്‍: ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളും ശൗചാലയങ്ങളിലെ പോരായ്മകള്‍ ഡിസംബര്‍ 15-നകം പരിഹരിക്കാന്‍ ജില്ലാ പഞ്ചായത്ത് നിര്‍ദേശം. പ്രഥമാധ്യാപകന്‍, പ്രിന്‍സിപ്പല്‍, പി.ടി.എ. ഭാരവാഹികള്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്കൂള്‍തല കമ്മിറ്റികള്‍ രൂപവത്കരിക്കണം. ഒരോ വിദ്യാലയങ്ങളും അവര്‍ക്ക് അനുയോജ്യമായ ശുചീകരണപ്രക്രിയ തയ്യാറാക്കി ഡിസംബര്‍ 15-നകം പോരായ്മകള്‍ പരിഹരിക്കണം. ജനുവരിയില്‍ ജില്ലാ പഞ്ചായത്ത് രൂപവത്കരിക്കുന്ന സംഘം വിദ്യാലയങ്ങളില്‍ വീണ്ടും പരിശോധന നടത്തും. ഇതിലും പോരായ്മകള്‍ കണ്ടെത്തിയാല്‍ തുടര്‍നടപടിയുണ്ടാകും.
ആദ്യപടിയായി വിദ്യാലയങ്ങളിലേക്ക് ഒന്നരക്കോടി രൂപയുടെ ശുചീകരണ കിറ്റുകള്‍ വിതരണം ചെയ്യുമെന്ന് അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഡിസംബര്‍ അവസാനവാരത്തോടെ കിറ്റുകളുടെ ലഭ്യത ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. കളക്ടര്‍ ടി.വി.സുഭാഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ശില്പശാലയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ദിവ്യ, സ്ഥിരംസമിതി അധ്യക്ഷന്‍മാരായ കെ.പി.ജയബാലന്‍, വി.കെ.സുരേഷ്‌ബാബു, ടി.ടി.റംല, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.ജാനകി, അജിത്ത് മാട്ടൂല്‍, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ടി.രേഖ, പബ്ലിക്ക് ഹെല്‍ത്ത് ടെക്‌നിക്കല്‍ അസിസ്റ്റന്റ് പി.സുനില്‍ ദത്തന്‍, എക്സിക്യുട്ടീവ് എന്‍ജിനീയര്‍ കെ.എന്‍.ബിജോയ്, ഡി.ഡി.ഇ. ടി.പി.നിര്‍മലാദേവി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി.ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
0 Comments