കണിച്ചാര്‍ ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറിയുടെ പരിസരത്ത് നിന്ന് ചന്ദനമരം മോഷണം പോയതായി പരാതി. ഡിസ്‌പെന്‍സറിയുടെ മുറ്റത്ത് നട്ട 16 വര്‍ഷം പഴക്കമുള്ള ചന്ദനമരമാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം പോയത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ്  ഈ ചന്ദനമരം മുറിച്ച് കടത്താനുള്ള ശ്രമം നടന്നിരുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. 
 
വാളുപയോഗിച്ച് മുറിച്ചുമാറ്റിയ നിലയിലാണുള്ളത്. ചന്ദനത്തിന്റെ അവശേഷിച്ച ഭാഗം ആശുപത്രി പരിസരത്ത് തന്നെ ഉപേക്ഷിച്ച നിലയിലാണ്. പഞ്ചായത്ത് അധികൃതരുടെയും ആശുപത്രിയിലെ ജീവനക്കാരുടെയും പരാതി പ്രകാരം കേളകം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.