നഗ്നനേത്രങ്ങള്‍ കൊണ്ട് വീക്ഷിക്കരുത്
ഈ നൂറ്റാണ്ടിലെ ആദ്യത്തെ വലിയ സൂര്യഗ്രഹണം ജില്ലയില്‍ ഗ്രഹണോത്സവമായി ആഘോഷിക്കും. ഡിസംബര്‍ 26 ന്റെ വലയസൂര്യഗ്രഹണം വീക്ഷിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്. സ്‌കൂളുകളിലും വായനശാലകളിലും പൊതുസ്ഥലങ്ങളിലും ഗ്രഹണം വീക്ഷിക്കുന്നതിന് സൗകര്യം ഒരുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ശാസ്ത്രത്തെ മുഖവിലക്കെടുക്കാന്‍ തയ്യാറാകുന്നില്ലെന്ന പ്രശ്‌നം ഇക്കാലത്ത് അഭിമുഖീകരിക്കുന്നുണ്ടെന്നും സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് അനവധി അന്ധവിശ്വാസങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് പറഞ്ഞു. 2032 ന് മുന്‍പ് ഇത്തരത്തിലൊരു വലയ സൂര്യഗ്രഹണം കാണാന്‍ സാധിക്കില്ലെന്ന് റിട്ട. സയന്റിസ്റ്റും സംഘാടക സമിതി കണ്‍വീനറുമായ പി എം സിദ്ധാര്‍ത്ഥന്‍ വ്യക്തമാക്കി. പൊതുവായി ഭാഗിക സൂര്യഗ്രഹണം മാത്രമാണ് ഇന്ത്യയില്‍ ദൃശ്യമാകുന്നത്. അതിനാല്‍ സാധ്യമായ മുഴുവന്‍ പേരും വലയ സൂര്യഗ്രഹണം വീക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൂര്യഗ്രഹണത്തിന് മുന്നോടിയായി വിവിധങ്ങളായ പരിപാടികളാണ് ജില്ലയില്‍ സംഘടിപ്പിക്കുന്നത്. ജില്ലയിലെ മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ ജനപ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ ഗ്രഹണ നിരീക്ഷണം നടത്തും. ജില്ലാ പഞ്ചായത്ത്, വിദ്യാഭ്യാസ വകുപ്പ്, ലൈബ്രറി കൗണ്‍സില്‍, ശാസ്ത്രസാഹിത്യ പരിഷത്ത്, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തില്‍ ശാസ്ത്രീയ ബോധവല്‍ക്കരണ പരിപാടികളും ജില്ലയിലെ സ്‌കൂളുകള്‍, കോളേജുകള്‍, വായനശാലകള്‍, കുടുംബശ്രീകള്‍ എന്നിവിടങ്ങളില്‍ ഡിസംബര്‍ ഒന്ന് മുതല്‍ 25 വരെ ശാസ്ത്ര ക്ലാസുകളും സംഘടിപ്പിക്കും. ഇത്തരത്തില്‍ വിവിധയിടങ്ങളിലായി പതിനായിരത്തില്‍പ്പരം ക്ലാസുകള്‍ സംഘടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
ജില്ലയിലെ ഹൈസ്‌കൂള്‍- ഹയര്‍സെക്കണ്ടറി അധ്യാപകര്‍ക്കും സയന്‍സ് ക്ലബ്ബ്- എന്‍എസ്എസ് പ്രതിനിധികള്‍ക്കും ഇന്ന് (നവംബര്‍ 26) ജില്ലാ പഞ്ചായത്ത് ഹാളിലും പ്രൈമറി അധ്യാപകര്‍ക്ക് 28 ന് ബിആര്‍സികളിലും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് 30 ന് ജില്ലാ പഞ്ചായത്ത് ഹാളിലും വായനശാല പ്രവര്‍ത്തകര്‍ക്ക് ഡിസംബര്‍ ഒന്നിന് ജില്ലാ ലൈബ്രറി ഹാളിലും പരിശീലനം നല്‍കും. കോളേജ് വിദ്യാര്‍ഥികള്‍ക്കുള്ള ശില്‍പശാല ഇതിനോടകം പൂര്‍ത്തിയായി. ഇതിന് പുറമെ സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം, ഹ്രസ്വ വീഡിയോ നിര്‍മ്മാണം എന്നിവയും ഗ്രഹണം പ്രമേയമാക്കി ഡിസംബര്‍ രണ്ടിന് എല്ലാ വിദ്യാലയങ്ങളിലും പ്രത്യേക അസംബ്ലിയും ചേരും. സൂര്യഗ്രഹണം സംബന്ധിച്ച വിവരങ്ങള്‍, ശാസ്ത്രീയ വിശദീകരണങ്ങള്‍ എന്നിവയടങ്ങിയ ലഘുലേഖ, വീഡിയോ തുടങ്ങിയവയും ഇതിന്റെ ഭാഗമായി പുറത്തിറക്കും.
ഡിസംബര്‍ 26 ന് രാവിലെ 9.24 നാണ് പൂര്‍ണ വലയ സൂര്യഗ്രഹണം ദൃശ്യമാകുക. 8.04 ന് ഭാഗിക ഗ്രഹണമായി തുടങ്ങി 9.24 ഓടെ പൂര്‍ണ വലയമായി മാറും. രണ്ട് മിനുട്ട് 57 സെക്കന്റിന് ശേഷം വീണ്ടും ഭാഗിക ഗ്രഹണമായി മാറി 11 മണിയോടെ ഈ ആകാശപ്രതിഭാസം അവസാനിക്കും. നഗ്നനേത്രങ്ങള്‍ കൊണ്ട് സൂര്യഗ്രഹണം വീക്ഷിക്കുന്നത് കണ്ണിനെ ദോഷകരമായി ബാധിക്കുമെന്നതിനാല്‍ സോളാര്‍ ഫില്‍ട്ടര്‍ വഴി ഗ്രഹണം കാണുന്നതിനുള്ള സൗകര്യം ഒരുക്കുന്നതാണ്. 10 ലക്ഷം കണ്ണടകള്‍ ഇതിനായി തയ്യാറാക്കും. യൂറീക്കാ ശാസ്ത്ര കേരള മാസികയുടെ നേതൃത്വത്തില്‍ സൗര കണ്ണട നിര്‍മ്മാണവും പരിശീലനവും നല്‍കും.
പിആര്‍ഡി ചേംബറില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി കെ ബൈജു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, റിട്ട. സയന്റിസ്റ്റ് പി എം സിദ്ധാര്‍ത്ഥന്‍, സയന്‍സ് പാര്‍ക്ക് ഡയറക്ടര്‍ എം വി അജയകുമാര്‍, ഡിഇഒ സനകന്‍ എന്നിവര്‍ സംബന്ധിച്ചു.

0 Comments