കെ.എസ്.ആര്‍.ടി.സി. ബസില്‍നിന്ന് പെണ്‍കുട്ടികളെ വഴിയോരത്ത് ഇറക്കിവിട്ടതായി പരാതി
പനമരം: കെ.എസ്.ആര്‍.ടി.സി. ബസില്‍നിന്ന് സ്കൂള്‍വിദ്യാര്‍ഥികളായ പെണ്‍കുട്ടികളെ ആളൊഴിഞ്ഞ വഴിയോരത്ത് സന്ധ്യയ്ക്ക് ഇറക്കിവിട്ടതായി പരാതി. പനമരം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനികളാണ് പനമരം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. 27-ന് സ്കൂളിലെ അസാപ് പരിശീലനത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ വൈകി. അഞ്ചുമണിക്ക് ശേഷമുള്ള കെ.എസ്.ആര്‍.ടി.സി. ബസിലാണ് വിദ്യാര്‍ഥികള്‍ കയറിയത്. കമ്ബളക്കാട്ടേക്ക് ടിക്കറ്റ് എടുക്കാന്‍ ശ്രമിച്ചപ്പോഴാണ് കണ്ടക്ടര്‍ ഇത് പോയന്റ് ടു പോയന്റ് ബസാണെന്നും അതിനാല്‍ കല്പറ്റയിലേ നിര്‍ത്തൂവെന്നും പറഞ്ഞത്. തുടര്‍ന്ന് വിദ്യാര്‍ഥികളെ പച്ചിലക്കാടിന് സമീപത്തെ വാടോച്ചാലില്‍ ഇറക്കിവിടുകയായിരുന്നു. ആളൊഴിഞ്ഞ റോഡിരികിലാണ് വിദ്യാര്‍ഥികളെ ഇറക്കിവിട്ടത്.
കുറെ സമയം കാത്തുനിന്നിട്ടും ബസൊന്നും ഇവിടെ നിര്‍ത്തിയില്ല. തുടര്‍ന്ന് കുട്ടികള്‍ കാറുകള്‍ക്കും മറ്റും കൈകാണിച്ചു. ഇതുവഴി കാറില്‍ വന്ന കല്പറ്റ തുര്‍ക്കി സ്വദേശിയായ കെ. സുബ്രഹ്മണ്യനാണ് ഒടുക്കം കുട്ടികളെ കാറില്‍ കയറ്റി അവരുടെ വീടുകളിലെത്തിച്ചത്. തുടര്‍ന്ന് കുട്ടികളുടെ രക്ഷിതാക്കളും സുബ്രഹ്മണ്യനും സ്കൂളധ്യാപകരും ചേര്‍ന്ന് പനമരം പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. കുട്ടികളെ ടൗണില്‍പോലും ഇറക്കാതെ ആളൊഴിഞ്ഞിടത്ത് ഇറക്കിവിട്ടത് ശരിയായില്ലെന്നാണ് ഇവരുടെ പരാതി. പനമരം പോലീസ് ശനിയാഴ്ച കെ.എസ്.ആര്‍.ടി.സി. കണ്ടക്ടറോട് സ്റ്റേഷനില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


0 Comments