ഇടിഞ്ഞുവീണ മണ്ണ് നീക്കിയില്ല; ഗതാഗതതടസ്സം തുടരുന്നു




ചെറുപുഴ: മൂന്നുകിലോമീറ്റര്‍ വരുന്ന കോക്കടവ്-തെക്കന്മാവ്-ചൂരപ്പടവ് റോഡില്‍ ഇടിഞ്ഞുവീണ മണ്ണും കല്ലും രണ്ടാഴ്ച കഴിഞ്ഞിട്ടും നീക്കിയില്ല. കോക്കടവില്‍നിന്ന് രണ്ടുകിലോമീറ്ററിനപ്പുറമാണ്‌ മണ്ണിടിഞ്ഞത്. ഇത് നീക്കാത്തതിനാല്‍ മുകള്‍ഭാഗത്തുള്ളവര്‍ ഒറ്റപ്പെട്ടു. ഈ റോഡിന്റെ രണ്ടുകിലോമീറ്റര്‍ ദൂരം ടാറിട്ടിട്ടുണ്ട്. ബാക്കിഭാഗത്താണ് ഗതാഗതതടസ്സം.

താഴേയ്ക്കും മുകളിലേയ്ക്കും പോകാന്‍കഴിയാതെ വിഷമിച്ച പ്രദേശത്തുകാര്‍ 100 മീറ്ററോളം കോണ്‍ക്രീറ്റുചെയ്തു. ഇതോടെ ചൂരപ്പടവ് ഭാഗത്തേയ്ക്ക് ഇപ്പോള്‍ പോകാന്‍ കഴിയും. റോഡില്‍വീണ കൂറ്റന്‍ കല്ലുകള്‍ നീക്കണമെങ്കില്‍ മണ്ണുമാന്തിയന്ത്രംവേണം. വെള്ളം റോഡിലൂടെ കുത്തിയൊഴുകി കല്ലിനൊപ്പം വീണ മണ്ണ് മുഴുവന്‍ ഒഴുകിപ്പോയതിനാല്‍ കാല്‍നടയാത്രപോലും അസാധ്യമാണ്. ഈഭാഗത്ത് താമസിക്കുന്ന 30 കുടുംബങ്ങള്‍ക്ക് താഴെ കോക്കടവിലേയ്ക്ക് പോകാന്‍കഴിയാത്ത സ്ഥിതിയാണ്.

ചൂരപ്പടവുവരെ റോഡ് ടാര്‍ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ അധികൃതര്‍ക്ക് പലതവണ നിവേദനങ്ങള്‍ നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായിട്ടില്ല.