സമൂഹവിരുദ്ധരുടെ താവളമായി മയ്യില്‍ ബസ് സ്റ്റാന്‍ഡിലെ മൂത്രപ്പുര കെട്ടിടം
മയ്യില്‍: രാത്രി സമൂഹവിരുദ്ധരുടെ താവളമായി മാറുകയാണ് മയ്യില്‍ ബസ് സ്റ്റാന്‍ഡിലെ മൂത്രപ്പുര കെട്ടിടം. മൂത്രപ്പുരയുടെ മൂന്ന് പൂട്ടുകള്‍ പൊളിച്ചുമാറ്റിയിട്ടുണ്ട്.
മൂന്നുമാസം മുന്‍പാണ് പൂട്ട് തകര്‍ത്തത്. ഇതുമൂലം ഇവിടെയുള്ള ടോയ്‌ലറ്റുകളില്‍ രണ്ടെണ്ണം പ്രവര്‍ത്തനരഹിതമായി. ടാപ്പുകളും ചോര്‍ന്നൊലിക്കുകയാണ്. മൂത്രപ്പുര നടത്തുന്നതിന് കരാറെടുത്തത് ഭിന്നശേഷിക്കാരിയായ യുവതിയാണ്. വൈകീട്ട് ഏഴോടെ ഇവര്‍ മൂത്രപ്പുര പൂട്ടുകയായിരുന്നു പതിവ്. ഇപ്പോള്‍ രാത്രി
മദ്യപാനത്തിനും മറ്റ് സമൂഹവിരുദ്ധ പ്രവര്‍ത്തനത്തിനുമായി ഇവിടത്തെ കുളിമുറി ഉപയോഗിക്കുന്നതായാണ് ഇവരുടെ പരാതി. രണ്ടുതവണ പൂട്ടുകള്‍ വാങ്ങിയിട്ടെങ്കിലും വീണ്ടും അവ തകര്‍ത്തു. ഇവിടെയുള്ള തെരുവുവിളക്കുകളും കത്തുന്നില്ല. ഇതിനോട് ചേര്‍ന്നുള്ള സ്ത്രീകളുടെ മുലയൂട്ടല്‍ കേന്ദ്രം സ്ഥാപിച്ചിട്ട് രണ്ടുവര്‍ഷമായെങ്കിലും ഉദ്ഘാടനം നടത്തിയിട്ടില്ല.
ഇതിന്റപിറകിലുള്ള ഒഴിഞ്ഞ മുറിയും മദ്യക്കുപ്പികള്‍കൊണ്ട് നിറഞ്ഞിരിക്കയാണ്. രാത്രി മയ്യില്‍ ബസ് സ്റ്റാന്‍ഡില്‍ പോലീസിന്റെ സേവനം വേണമെന്നാണ് യാത്രക്കാരുടെയും ടാക്സി ഡ്രൈവര്‍മാരുടെയും ആവശ്യം. മുത്രപ്പുര കെട്ടിടം നവീകരക്കുന്നതിനും സുരക്ഷ ഉറപ്പു വരുത്തുന്നതിനും ഉടന്‍ നടപടിയുണ്ടാവുമെന്നും പോലീസ് സ്റ്റേഷനില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പി.ബാലന്‍ പറഞ്ഞു.


0 Comments