കുട്ടിഡ്രൈവര്‍മാര്‍ കൂടുന്നു; വാഹന ഉടമകള്‍ക്കെതിരേ 1,205 കേസുകള്‍, 19.53 ലക്ഷം രൂപ പിഴ




പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഓടിക്കുന്നത് സംസ്ഥാനത്ത് കൂടുന്നു. കഴിഞ്ഞവര്‍ഷത്തേക്കാള്‍ കുട്ടിഡ്രൈവര്‍മാരുടെ എണ്ണത്തില്‍ 25 ശതമാനം വര്‍ധനയുണ്ടായെന്നാണ് മോട്ടാര്‍വാഹനവകുപ്പിന്റെ വിലയിരുത്തല്‍.

കുട്ടികള്‍ ഓടിച്ച വാഹനങ്ങളുടെ ഉടമകള്‍ക്കും അച്ഛനമ്മമാര്‍ക്കുമെതിരായി നാലുവര്‍ഷത്തിനിടെ 1205 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍നിന്നായി 19.53 ലക്ഷം രൂപ പിഴയീടാക്കി.

ലൈസന്‍സ് ലഭിക്കാത്ത കുട്ടികള്‍ പ്രതികളായ ഗുരുതരമായ കേസുകളില്‍ പെറ്റിക്കേസുകളുടെ പിഴയടച്ച്‌ രക്ഷപ്പെടുന്നവരുടെ എണ്ണം കൂടുകയാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് സ്‌കൂളുകളിലേക്കും ട്യൂഷന്‍ സെന്ററുകളിലേക്കും വാഹമോടിച്ചെത്തുന്ന പ്രായപൂര്‍ത്തിയാകാത്തവരെ കേന്ദ്രീകരിച്ച്‌ പ്രധാനമായും പരിശോധന നടത്താന്‍ മോട്ടോര്‍വാഹനവകുപ്പ് ഒരുങ്ങുകയാണ്.
കേന്ദ്ര മോട്ടോര്‍വാഹനനിയമം പരിഷ്‌കരിച്ചതോടെ കുട്ടികള്‍ വാഹനമോടിച്ച്‌ അപകടമുണ്ടാക്കിയാല്‍ വാഹനമുടമ, കുട്ടിയുടെ അച്ഛന്‍ എന്നിവര്‍ക്ക് മൂന്നുവര്‍ഷം തടവും 25,000 രൂപ പിഴയുംവരെ ചുമത്താവുന്നതാണ്. പിഴയടച്ചില്ലെങ്കില്‍ ഓരോ വര്‍ഷവും ഇതില്‍ 10 ശതമാനം വര്‍ധനയുണ്ടാകും. അപകടങ്ങളുടെ വ്യാപ്തി അനുസരിച്ചായിരിക്കും നടപടികളെടുക്കുക.

കുട്ടികള്‍ വാഹനമോടിക്കുമ്ബോള്‍ അച്ഛനമ്മമാരുണ്ടെങ്കില്‍ അവരുടെ ലൈസന്‍സ് റദ്ദാക്കാന്‍ കഴിയും. കുട്ടികള്‍ക്ക് വാഹനം നല്‍കുന്ന അച്ഛനമ്മമാര്‍ കുട്ടികളുടെ മാത്രമല്ല, റോഡിലെ മറ്റുള്ളവരുടെ ജീവനും കൂടിയാണ് ഭീഷണിയുയര്‍ത്തുന്നതെന്ന വിലയിരുത്തലിലാണ് നടപടി.